Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Friday, January 30, 2015

മോഹൻലാൽ മലയാള സിനിമാ ചരിത്രത്തിലെ തന്നെ മഹാനായ നടനാണെന്ന് തർക്കത്തിനതീതമായ വസ്തുതയാണ്. ഒരു പക്ഷെ, ഈ ഒരു വാചകം തന്നെ 'ക്ലിഷേ' ആണ്. ഒരുപാട് നല്ല സിനിമകളിലൂടെ മലയാളിയുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടിയെടുത്ത നടൻ. കുസൃതിയും, ദുഖവും, ആഹ്ലാദവും, തമാശയും...എല്ലാം 'കൂൾ' ആയി ചെയ്യാൻ കഴിയുന്ന വിധം പ്രതിഭയുള്ള കലാകാരൻ. ചിരിപ്പിച്ചും കരയിപ്പിച്ചും അത്ഭുതപ്പെടുതിയും, നമ്മുടെ ഇടയിലെ ഒരാളെ പോലെ തോന്നിപ്പിച്ച , 'മഞ്ഞിൽ നിന്നും വിരിഞ്ഞ' ഒരതുല്യ നടന പുഷ്പം. ഇതെല്ലാം ശെരി തന്നെ, പക്ഷെ മോഹൻലാലിനു, നമ്മുടെ ലാലേട്ടന് ഇതെന്തു പറ്റി ?

മൂന്നോ നാലോ തലമുറകളെ ഒരു പോലെ കയ്യിലെടുത്ത മറ്റൊരു നടൻ ഉണ്ടാവില്ല ( ഒരു പക്ഷെ, മമ്മൂട്ടിയും). എന്റെ വീട്ടിലെ കാര്യം തന്നെ ഒരുദാഹരണം : എന്റെ അമ്മൂമ്മ 'ലാലു' എന്നാണ് മോഹൻലാലിനെ വിളിച്ചിരുന്നത്‌. പണ്ടൊക്കെ ദൂരദർശനിൽ അദ്ധേഹത്തിന്റെ സിനിമയൊക്കെ സ്വന്തം മകന്റെ സിനിമ എന്ന പോലെയാണ് അമ്മൂമ്മ കണ്ടു കൊണ്ടിരുന്നത്. എന്റെ അച്ഛനും അമ്മയ്കും മോഹൻലാൽ സിനിമകളോട് ഒരു പ്രത്യേക സ്നേഹമാണ്. ഞാൻ ഒരു മോഹൻലാൽ ഫാൻ ഒന്നുമല്ലെങ്കിലും, നടന്മാരിൽ എറ്റവും ഇഷ്ടം മോഹൻലാലിനോടാണ്. എന്റെ പെങ്ങളുടെ 4 വയസ്സുള്ള മകൾ, ഒരു 'മോഗൻലാൽ' രസികയാണ്. പക്ഷെ, ആ ഒരു 'ലാൽ എഫ്ഫക്റ്റ്‌' പതുക്കെ മാഞ്ഞു പോകുകയാണോ എന്നൊരു സംശയം!

കഴിഞ്ഞ കുറെ സിനിമകൾ എടുത്താൽ നല്ലൊരു മോഹൻലാൽ സിനിമ എന്ന് പറയാൻ എത്രയെണ്ണം കാണും? 'ദൃശ്യം', 'സ്പിരിറ്റ്‌', 'പ്രണയം'. ഇതിൽ തന്നെ അദ്ദേഹത്തിന് വെല്ലുവിളി ഉയർത്തിയ കഥാപാത്രം ഒരു പക്ഷെ 'പ്രണയം' മാത്രമായിരിക്കും. കഴിഞ്ഞ ഒരു 25 സിനിമകൾ എടുത്താൽ , ആകെ ഓർത്തിരിക്കാൻ കഴിയുന്നത് ഈ മൂന്നു കഥാപാത്രങ്ങൾ ആയിരിക്കും. ബാക്കി സിനിമകൾ ഒരു പക്ഷെ വിജയങ്ങൾ ആയിരിക്കാം, പക്ഷെ ഓർത്തിരിക്കാൻ കഴിയുന്ന നല്ലതൊന്നും ഉണ്ടാവില്ല.

ഇന്ന് മോഹൻലാൽ ഒരു 'ബ്രാൻഡ്‌' ആണ്. ആ ബ്രാൻഡ്‌ വാല്യു പരമാവധി മുതലാക്കുക എന്നതാണ് പല സംവിധായകരുടെയും നിർമാതാക്കളുടെയും  ലക്‌ഷ്യം. ഒരുപാട് പരസ്യങ്ങൾ, സിനിമകൾ....ലാലേട്ടനും ഈ ഒരു 'വാല്യു' ചൂഷണം ചെയ്യുകയാണോ എന്നറിയെണ്ടിയിരിക്കുന്നു. പക്ഷെ, തിരിച്ചറിയേണ്ട ഒരു കാര്യം, ഈ 'ബ്രാൻഡ്‌ വാല്യു' എന്നത് താങ്കൾ വർഷങ്ങൾ കൊണ്ട് സമ്പാദിച്ച സാധാരണ മലയാളിയുടെ സ്നേഹവും വിശ്വാസവുമാണ്. ഇങ്ങനെ പോയാൽ, താമസിയാതെ അതും ഇല്ലാതാവും.

ഒരു നടന്റെ ധർമം അഭിനയമാണ്, അതിനപ്പുറമുള്ള ഒരു ലോകത്ത് ഒരു പക്ഷെ അയാൾ ശോഭിക്കില്ല. ഇത് ഞാൻ പറഞ്ഞതല്ല, താങ്കൾ തന്നെ പറഞ്ഞതാണ്. പാട്ട് പാടാനും, രാഷ്ട്രീയം കളിക്കാനും ക്രിക്കറ്റ്‌ കളിക്കാനും ഇവിടെ ഒരുപാട് ആളുകളുണ്ട്. സ്വന്തം തട്ടകമായ അഭിനത്തിൽ ഇനിയും താങ്കളിൽ നിന്നും ഒരുപാട് 'വിസ്മയങ്ങൾ' ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇനിയുള്ള സിനിമകൾ എങ്ങനെയുള്ളതാനെന്നു അറിയില്ല, എന്നാലും പറയാൻ അഭിമാനം തോന്നുന്ന സിനിമകളുമായി താങ്കൾ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു.

അഭ്രപാളിയിൽ നിന്നും മനസ്സിലേക്കിറങ്ങി വരുന്ന ഒരു മോഹൻലാൽ ഉണ്ടായിരുന്നു. എന്നാൽ ഇന്ന്, താങ്കൾ അഭ്രപാളിയിലെ വെറും കഥാപാത്രങ്ങളായി മാത്രം ഒതുങ്ങി പോകുകയാണ്. തിരിച്ചു വരൂ, ഞങ്ങളുടെ മനസ്സുകളിലേക്ക്...

No comments:

Post a Comment