Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Friday, February 26, 2016

Mirrors (2008)


'Into the Mirror' എന്ന കൊറിയൻ സിനിമയുടെ ഇംഗ്ലീഷ് പതിപ്പാണ്‌  Alexandre Aja സംവിധാനം ചെയ്ത ഈ ചിത്രം. മൂലകഥയിൽ കുറെ മാറ്റങ്ങൾ വരുത്തിയാണ് ഈ സിനിമ എടുത്തിരിക്കുന്നത്.  Kiefer Sutherland, Paula Patton തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ സിനിമ സാമ്പത്തികമായി ഒരു വലിയ വിജയം ആയിരുന്നില്ല.

സസ്പെൻഷനിൽ ആയ ഒരു പോലീസുകാരന് സാഹചര്യങ്ങളുടെ സമ്മർദം മൂലം കത്തി നശിച്ച , അല്ലെങ്കിൽ കേടുപാടുകൾ വന്ന ഒരു കൂറ്റൻ ഷോപ്പിംഗ്‌ മാള്ളിന്റെ രാത്രികാല കാവൽക്കാരൻ ആവേണ്ടി വരുന്നു . രാത്രി മാളിനുള്ളിൽ പട്രോളിങ്ങിനു പോകുന്ന നായകൻ , ചില അമാനുഷികമായ , പേടിപ്പെടുത്തുന്ന സംഭവങ്ങൾക്ക് സാക്ഷിയാവുന്നു. മാളിലെ കണ്ണാടികളിൽ അധിവസിക്കുന്ന അദൃശ്യ അമാനുഷിക ശക്തികൾ , കണ്ണാടികളിലൂടെ നായകനെയും കുടുംബത്തെയും വേട്ടയാടുന്നു.

ഈ സിനിമയിൽ ഇല്ലാത്തതും എന്നാൽ എല്ലാ ഹൊറർ സിനിമകളിൽ വേണ്ടതും ഒരേ കാര്യമാണ് : fear. ചുരുക്കം ചില സന്ദർഭങ്ങളിൽ അല്ലാതെ ഒരിടത്തും ഒരു തരത്തിലുള്ള ഭീതിയോ ഉദ്വേഗമോ ഈ സിനിമ ജനിപ്പിക്കുന്നില്ല. തുടക്കത്തിൽ  ഒന്ന് പിടിച്ചിരുതുമെങ്കിലും , ആത്യന്തികമായി സിനിമ 'പ്രേതം' എന്ന സെറ്റപ്പിലെക്കാണ് പോകുന്നത്. അതിനായി  കുറെ ക്ലീഷേ സീനുകളും. അമിതമായി ഉപയോഗിച്ച പശ്ചാത്തല സംഗീതം വേറെ .
മറ്റൊന്ന്, പ്രേക്ഷകനെ thrilled ആയിട്ടോ അല്ലെങ്കിൽ scared ആയിട്ടോ ഇരുത്തുന്ന ഒരു വേഗതയോ ചടുലതയോ സിനിമക്കില്ല.

പൊസിറ്റീവ്സ് എന്നെനിക്ക് തോന്നിയത് ക്യാമറയും, ക്ലൈമാക്സും ആണ്.  ഏതാണ്ട് എല്ലാ സീനുകളിലും ഒരു mirror effect അല്ലെങ്കിൽ reflection കൊണ്ട് വരാൻ ശ്രമിച്ചിട്ടുണ്ട്. പിന്നെ, ക്ലൈമക്സ് വല്ലാണ്ടങ്ങ് ക്ലീഷേ ആക്കിയില്ല. ആ കൈപ്പാടുകളുടെ ഒക്കെ explanation അവസാനം നന്നായിരുന്നു.

കണ്ണാടി ഭീതി പരത്തുന്ന ഒരു പിടി സിനിമകൾ നാം കണ്ടിട്ടുണ്ട്. Oculus , Mirror Mirror , Candyman തുടങ്ങിയവയിൽ അത് കാണാം. പക്ഷെ ആ ഈ സിനിമയെ ആ ലീഗിൽ ഉൾപ്പെടുത്താൻ എന്ത് കൊണ്ടോ കഴിയുന്നില്ല. പക്ഷെ, horro
r സിനിമകൾ ഇഷ്ടപ്പെടുന്നവര്ക്ക്  ഒരു തവണ കണ്ടിരിക്കാവുന്ന ചിത്രം.

Tuesday, February 23, 2016

The Book of Eli (2010)



Hughes Brothers സംവിധാനം ചെയ്തു Denzel Washington , Gary Oldman , Mila Kunis എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതിരിപ്പിച്ച , ഒരു in -and -out ക്രിസ്ത്യൻ സിനിമ ആണ് 'The Book of Eli'. പോസ്റ്ററുകളും ചില ഒറ്റപ്പെട്ട അഭിപ്രായങ്ങളും കേട്ട്, ഇതൊരു ആക്ഷൻ ചിത്രമാണെന്ന് കരുതി പോകരുത്. നിരാശ മാത്രമായിരിക്കും ഫലം, കാരണം, ഇതൊരു ക്രിസ്ത്യൻ propaganda ചിത്രമാണ്.

ലോകം ഒരു വൻ ആണവ യുദ്ധത്തിനു ശേഷം തകർന്നു തരിപ്പണം ആയിരിക്കുന്നു. പണമില്ല, ശുദ്ധ വെള്ളമില്ല, വിദ്യാഭ്യാസമില്ല, വിവരമില്ല. Eli എന്ന നായകൻ യുദ്ധകാലത്തിനു മുൻപുള്ള ആളാണ്‌, ഒരു വമ്പൻ ദൗത്യമാണ് അദ്ധേഹത്തിൽ നിഷിപ്തമായിരിക്കുന്നത്. ഒരു പുസ്തകം, അത് വെസ്റ്റിൽ ഉള്ള ഒരു സ്ഥലത്ത് സേഫ് ആയി എത്തിക്കണം. എന്നാൽ, അതെ പുസ്തകത്തിന്‌ വേണ്ടി മറ്റൊരാളും ഇദ്ദേഹത്തെ പിന്തുടരുന്നു. സ്ഥിരം നന്മ-തിന്മ ലൈൻ.  പിന്നെ,തുടക്കത്തിൽ ഭയങ്കര 'സസ്പെന്സ്' പോലെ കാണിക്കുന്ന പുസ്തകം ബൈബിൾ ആണെന്ന് പത്തു മിനിറ്റിൽ അറിയാൻ പറ്റും.  പക്ഷെ,സിനിമയുടെ കുഴപ്പം ഇതൊന്നുമല്ല, കട്ട ലോജിക്ക് ഇല്ലായ്മയാണ്.

ലോകത്തിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട പുസ്തകമാണ് ബൈബിൾ.  ഏതാണ്ട് അഞ്ചോ ആറോ ബില്ല്യൺ. അതിന്റെ ഒരു കോപ്പി മാത്രമേ ബാക്കിയുള്ളൂ? ഡാൻ ബ്രൌണിന്റെ 'The Da  Vinci Code ' വരെ ലഭ്യമാണ്. അതിനു പറയുന്ന കാരണം, ബൈബിൾ നിമിത്തമാണ് യുദ്ധമുണ്ടായതെന്നും , അത് കൊണ്ട് എല്ലാ ബൈബിളുകളും കത്തിച്ചു കളഞ്ഞു എന്നും.  അപ്പൊ മറ്റു മത ഗ്രന്ഥങ്ങൾ ? അത് മാത്രമല്ല , ആകെയുള്ള ആ ബൈബിൾ Braille ലിപിയിലാണ്‌. ആ ലിപിയിലുള്ള ഒരു ബൈബിൾ ഉണ്ടെങ്കിൽ അതൊരിക്കലും കൊണ്ട് നടക്കാനാവുന്ന വലിപ്പത്തിൽ ആവില്ല.  ഒരാൾ ഈ ബൈബിൾ കയ്യിൽ വെയ്ക്കുന്നത് ലോകത്തിൽ വീണ്ടും order കൊണ്ട് വരാനായിട്ടും, മറ്റേയാൾ ഈ ബൈബിൾ കൊണ്ടുദ്ദേശിക്കുന്നത് , അത് വെച്ച് മനുഷ്യരെ വിശ്വാസത്തിന്റെ അടിമകൾ ആക്കാനും. ഈ രണ്ടു പേരും ഈ പുസ്തകത്തിന്റെ പേരിൽ ചോരയോഴുക്കുന്നു. ഒരു സാധു പെണ്ണിനെ വഴിയിൽ വെച്ച് ഗുണ്ടകൾ ആക്രമിക്കുമ്പോൾ, പുറം തിരിഞ്ഞു നടന്നതും ഈ ബൈബിൾ കയ്യിൽ വെച്ച് തന്നെയാണ്.

സംഭവം ഇങ്ങനെയൊക്കെ ആണെങ്കിലും, അഭിനേതാക്കൾ തകർത്തു. ഒരു bad-ass walker ആയിട്ടും , കർത്താവിന്റെ കുഞ്ഞാടായിട്ടും  Denzel Washington കസറി. വില്ലൻ ആയി Gary Oldman-ഉം നല്ല പ്രകടനമായിരുന്നു. ശരിക്കും, ഇവർ രണ്ടു പേരുമാണ് ഈ സിനിമയിൽ 'ദൈവവും', 'സാത്താനും'. Post - war ലോകം അല്പം  കൃത്രിമമായി തോന്നി. പക്ഷെ കളർ ടോണും ക്യാമറയും നന്നായിരുന്നു.

ക്രിസ്ത്യൻ മഹത്വം വാഴ്ത്താൻ ഇങ്ങനെയൊരു സിനിമയുടെ ആവശ്യമില്ല. എല്ലാ മതങ്ങൾക്കും മഹത്വം ഉണ്ട്. പക്ഷെ, 'മഹത്വ വൽക്കരണം' എന്ന ഒരൊറ്റ പ്രക്രിയയിൽ ഏർപ്പെട്ടു പോയത് കൊണ്ടാകാം, സിനിമ അവസാനിക്കുമ്പോ നിരാശയും , ഒരു പക്ഷെ ദേഷ്യവും തോന്നിയേക്കാം.

വാൽ : Eli എന്ന പേര്‌ ഞാൻ എലി എന്നാണു ആദ്യം മനസ്സിലാക്കിയത്. പക്ഷെ, അത് 'ഇലൈ' എന്നോ മറ്റോ ആണ് ശരിക്കും..

The Damned United (2009)



ഒരു കാലത്ത് ഇംഗ്ലീഷ് ഫുട്ബാളിന്റെ രാജാക്കന്മാർ ആയിരുന്നു ലീഡ്സ് യുണൈറ്റഡ്. ആ ലീഡ്സ് യുണൈറ്റഡ് ക്ലബ്ബിന്റെ മാനേജർ ആയി Brian Clough  എന്ന ജീനിയസ് വരുന്നതും, പ്രശ്നരൂക്ഷിതമായ 44 ദിവസങ്ങളുടെ പരിസമാപ്തിയും ആണ് ഈ സിനിമ. ഫുട്ബാൾ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു ട്രീറ്റ്‌ ആണ് ഈ ചിത്രം.

പ്രമുഖ ബ്രിട്ടീഷ്‌ തിയറ്റർ ആർട്ടിസ്റ്റും , "Frost /Nixon ", Fantabulosa", "The Queen" തുടങ്ങിയ ചിത്രങ്ങളിലൂടെ തിളങ്ങുന്ന പ്രകടനങ്ങൾ സമ്മാനിച്ച Michael Sheen ആണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രമായ Brian Clough - നെ അവതരിപ്പിച്ചിരിക്കുന്നത്. യാഥാർഥ്യത്തിൽ അല്പം fiction കൂടി കലർത്തി എടുത്തിരിക്കുന്ന ഈ സിനിമയിൽ, നല്ല കിണ്ണം കാച്ചിയ പ്രകടനമാണ് Sheen കാഴ്ച വെച്ചിരിക്കുന്നത്. ഒരു ഫുട്ട്ബോൾ മാനേജർ കടന്നു പോകുന്ന സംഘർഷങ്ങൾ, പിരിമുറുക്കങ്ങൾ, ചെയ്തിരിക്കേണ്ട management techniques , അയാളുടെ personal ലൈഫ്, ഈഗോ ---അങ്ങനെ അങ്ങനെ ഒരുപാട് വികാര വിചാര തലങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നു. സിനിമയുടെ സ്ക്രിപ്പട്ടിങ്ങും ക്യാമറയും കിടിലമാണ്.

Clough-ന്റെ കുടുംബം ഈ സിനിമയ്ക്കും ഇതിനാധാരമായ നോവലിനും എതിരായിരുന്നു. സത്യം  കുറച്ചും,കൂടുതൽ fiction -ഉം ആണെന്നായിരുന്നു ആക്ഷേപം. പല മാനനഷ്ട ക്കേസുകളും  ഈ സിനെമാക്കെതിരായി  വന്നിരുന്നു.  പക്ഷെ,ഒരു സിനിമ എന്ന നിലയിൽ വളരെയധികം അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ സിനിമയാണിത്.

ഫുട്ട്ബോൾ സിനിമകൾ അധികമില്ല. അതിൽ തന്നെ വിജയിച്ചതും ചുരുക്കം (Bend It Like Beckham , Goal തുടങ്ങിയവ). അക്കൂട്ടത്തിൽ, നല്ല വിജയമാണീ സിനിമ. സ്പോർട്സ് സിനിമകൾ ഇഷ്ടപ്പെടുന്നവർ ഈ സിനിമ മിസ്സ്‌ ചെയ്യരുത്.

വാൽ : Brian Clough ആണ് "Football .., it's a beautiful game" എന്ന് ആദ്യമായി പറഞ്ഞ ആൾ (പെലെ ആണെന്നും ഒരു വിഭാഗം പറയുന്നുണ്ട് )

Thursday, February 18, 2016

Deadpool

Deadpool
(അഥവാ ചത്തകുളം)

ഫോട്ടോ കട : @ICU

സൂപ്പർ ഹീറോകൾ പല തരത്തിൽ , പല വിധത്തിൽ , പല സൈസിൽ , പല വേഷങ്ങളിൽ ലഭ്യമാണ്. ചിലർ മുഖം മൂടിയണിയും , ചിലർ കിടിലം ലെതർ കം ബുള്ളറ്റ് പ്രൂഫ്‌ ജാക്കറ്റ് ഒക്കെ എടുത്തിടും, ചിലർക്ക് വാളും അമ്പും വില്ലും ഒക്കെയുണ്ടാവും , ചിലർക്ക് ഒരു വലിയ ഇഡ്ഡലി ചരുവം പോലൊരു പരിച ഉണ്ടാവും, ചിലരുടെ കണ്ണിൽ നിന്നും തീ വരും, മറ്റു ചിലർ എല്ലാം ഐസ് ആക്കും. ആ പിന്നെ, പച്ച കളറിൽ മല പോലെ ഒരുത്തനുമുണ്ട്. ചുരുക്കത്തിൽ ഈയിനത്തിൽ പെട്ട ഗഡികൾ കുറേയുണ്ട്. ഇവന്മാർക്കെല്ലാം ഇട്ടൊരു കിടിലം കൊട്ടാണ്‌ 'Deadpool ' അഥവാ ചത്തകുളം.

ഇരുണ്ട ഭൂതകാലം, തീരാത്ത പ്രതികാരം, ഇതൊക്കെ ചൂഷണം ചെയ്യുന്ന ഒരു വില്ലൻ , പരാജയെപ്പെടുന്ന പരീക്ഷണം, പരീക്ഷണം കൊണ്ടുണ്ടാകുന്ന mutation , അമാനുഷികത കൈവരിക്കുന്ന നായകൻ, പിന്നെ ലോകത്തെ രക്ഷിക്കാൻ പോകുന്നു. ഇതാണ് ഒരു usual സൂപ്പർ ഹീറോ സിനിമ. ഇത്തരം ക്ലീഷേകൾക്ക് നല്ലൊരു സ്പൂഫ് ആണീ സിനിമ. തുടക്കത്തിൽ titles എഴുതിക്കാണിക്കുന്നത് മുതൽ തുടങ്ങുന്നു ഈ കളിയാക്കൽ. വെടികൾ, സോറി, വെടിയുണ്ടകൾ ചോര, മിന്നിപ്പായുന്ന കാറുകൾ, അടി തട, കുത്ത്(അതെ ) തുടങ്ങിയവ എല്ലാം ഉണ്ട്. പിന്നെ, എല്ലാ സീനിലും ഒരു F word , അല്ലെങ്കിൽ ആ നിലവാരത്തിലുള്ള അടിപൊളി സംഭാഷണങ്ങൾ. ചിലതൊക്കെ നമ്മുടെ സംസ്കാര ബോർഡ്‌, സോറി, സെൻസർ ബോർഡ് നിശബ്ദമാക്കിയെങ്കിലും, അവർക്കും ഇല്ലേ ഒരു ലിമിറ്റ്? അത് കൊണ്ട്, ചത്തകുളത്തിന്റെ സംസ്കൃത ശ്ലോകങ്ങളിൽ ചിലതെങ്കിലും കേൾക്കാൻ ഈയുള്ളവന് ഭാഗ്യമുണ്ടായി.

Ryan Reynolds ഷോ -- അതാണീ സിനിമ. പുള്ളി തകർത്തു വാരി പൊളിച്ചടുക്കിയിരിക്കുവാണ്. കിടിലൻ narration , കൂൾ ആയിട്ടുള്ള fight sequence-കൾ , അത്യാവശ്യം മോശമല്ലാത്ത VFX (climax-ലെ കെട്ടിടം പൊളി ഒഴിച്ച്), സിനിമയുടെ മൂടിന് ചേർന്ന പശ്ചാത്തല സംഗീതം...അങ്ങനെ entertain ചെയ്യുന്ന ഒരുപാട് ഘടകങ്ങൾ ഈ സിനിമയിലുണ്ട്. ചിരിച്ചു മറിക്കാൻ അധികമില്ലെങ്കിലും, ഒരു സ്പൂഫ് എന്ന നിലയിൽ ആസ്വദിക്കാൻ ഏറെയുണ്ട്. പിന്നെ, end credits കഴിയുന്നത് വറെ വെയിറ്റ് ചെയ്താൽ കുറച്ചു സംഭവങ്ങൾ കൂടി അറിഞ്ഞിരിക്കാം. അത് കൊണ്ട്, പടം തീരുമ്പോ തന്നെ ഇറങ്ങി മണ്ടൻ ആവരുത്.

കഷ്ട്ടിച്ചു രണ്ടു മണിക്കൂറിൽ താഴെയുള്ള ഈ സിനിമ നഷ്ട്ടപ്പെടുത്തരുത് . അത്രയും സമയം നിങ്ങൾക്ക് ആസ്വദിക്കാം. അടി-ഇടി-വെടി-പോക-ചോര -സെക്സ്-പ്രതികാരം-കോമഡി-സ്പൂഫ്...എല്ലാം ഇതിലുണ്ട്. അതുകൊണ്ട് ധൈര്യമായി ടിക്കറ്റ് എടുക്കാം ഈ smart ass സിനിമക്ക്.


വാൽ : ഏക ദൈവം ഡിങ്കൻ എന്നൊക്കെ പറഞ്ഞവന്മാർ ഓടിയോളിച്ചോളൂ , ചത്തകുളം വരുന്നുണ്ട്. ഓം ചത്തകുളമേ യമഹ! Hey Dinkan , you ്#&# * ..i am coming !

Wednesday, February 17, 2016

ഹൊറർ



കഴിഞ്ഞ ദിവസം രണ്ടു ഹൊറർ സിനിമകൾ കണ്ടു. 'Oculus' , പിന്നെ 'The Vatican Tapes'. രണ്ടും രണ്ടു തരത്തിലുള്ള ഭീതിയുണർത്തുന്ന സിനിമകൾ. എന്താണ് ഈ ശ്രേണിയിൽ ഉള്ള സിനിമകൾക്ക് വേണ്ട സവിശേഷതകൾ? അല്ലെങ്കിൽ, അനിവാര്യമായ ഘടകങ്ങൾ ? വെറുതെ കുറെ ഇരുട്ടും, പേടിപ്പെടുത്തുന്ന രൂപങ്ങളും, അകമ്പടി ആയെത്തുന്ന പശ്ചാത്തല സംഗീതവും മതിയോ ഒരു 'ഹൊറർ' സിനിമക്ക്? ഒരു 'താത്വിക' അവലോകനം!

ഹൊറർ സിനിമകൾ നിർബന്ധിതമായും പക്കാ പ്രേത സിനിമകൾ ആവണമെന്നില്ല. ഒരു കാഴ്ചക്കാരന്റെ ഉള്ളിൽ  ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന ഭയത്തെ ഉണർത്തുക എന്നതാണ് ആത്യന്തികമായി ഒരു ഹൊറർ സിനിമയുടെ ഉദ്ദേശം. അത് പ്രേതങ്ങളിലൂടെ മാത്രം ആവണമെന്നില്ല, നിഗൂഠത ഉണർത്തുന്നവയോ , അതി ഭയങ്കര വയലൻസിലൂടെയോ ആവാം. പക്ഷെ, ആത്യന്തികമായി പ്രേക്ഷകനെ പേടിപ്പെടുതുന്നതിനോടൊപ്പം, അയാൾ ആ സിനിമാനുഭവം ആസ്വദിക്കുകയും ചെയ്യണം . എന്തായാലും ചില ഹൊറർ ഘടകങ്ങളിലേക്ക് നോക്കാം.

പേടി :  പ്രേക്ഷകനെ പേടിപ്പെടുത്തുക എന്നത് എളുപ്പമുള്ള ഒരു കാര്യമല്ല.  ചിലന്തികളെ പേടിയില്ലാത്ത ഒരാളെ ചിലന്തികളെ പേടിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നതിലാണ്  കഴിവ്. അതായത്, ഒരാളിൽ ഉള്ള 'പേടിയെ' ഉണർത്തുകയും ,  ഒരാളിൽ ഇല്ലാത്ത പേടിയെ ഉണ്ടാക്കിയെടുക്കുകയും വേണം. പൊതുവെ ഇരുട്ട് എല്ലാവർക്കും പേടിയാണ്, പക്ഷെ വെളിച്ചമോ? 'Devil' എന്ന സിനിമയിൽ എല്ലാം സംഭവിക്കുന്നത്‌ വെളിച്ചത്തിലാണ്, അതും ഒരു ലിഫ്ടിനുള്ളിൽ. ഇന്നും നമ്മളിൽ ചിലരെങ്കിലും ലിഫ്റ്റിൽ കയറുമ്പോ ആ സിനിമയെ ഓർക്കുന്നുണ്ടെങ്കിൽ ആ സിനിമ create  ചെയ്ത fear element വിജയിച്ചു എന്ന് വേണം കരുതാൻ .

നിശബ്ദത : അതെ, ഒരു ഹൊറർ സിനിമയിൽ ഏറ്റവും പ്രധാനം നിശബ്ദത ആണെന്ന് ഞാൻ പറയും. സൈലന്റ് ആയ ഒരു  sequence-ൽ , ആ കഥാപാത്രം (നമ്മളും) അനുഭവിക്കുന്ന പിരിമുറുക്കം അനിർവചനീയമാണ്. ഈ നിശബ്ദത എങ്ങോട്ടാണ്, എന്തിലേക്കാണ്‌ നയിക്കുന്നതെന്ന ചിന്ത നമ്മളെ haunt ചെയ്യുന്നു. ആ നിശബ്ദതയിൽ ചിലെ നേർത്ത ശബ്ദങ്ങളും ( കസേര അനങ്ങുന്നതൊ , ചെറിയ മൂളലുകളോ , ശ്വാസോച്ചാസമോ ) ആ നിശബ്ദതക്ക് കൂടുതൽ effect നൽകുന്നു. Oculus എന്ന സിനിമയിൽ അത്തരം നല്ല രംഗങ്ങൾ കാണാൻ സാധിക്കും.

പശ്ചാത്തലം : ഒരു ഹൊറർ സ്റ്റോറി സെറ്റ് ചെയ്യുന്ന പശ്ചാത്തലം വളരെ പ്രധാനമാണ്. ചില സിനിമകളിൽ  ആ പശ്ചാത്തലം കാണുമ്പോഴേ പ്രേക്ഷകന് പന്തികേട്‌ മനസ്സിലാവും(ഒരു വലിയ വീടോ, കെട്ടിടമോ). അതൊരു തരത്തിൽ പ്രേക്ഷകന്റെ മനസ്സിനെ prepare ചെയ്യുകയാണ്. മറ്റു സിനിമകളിൽ അങ്ങനെ പ്രത്യേകിച്ച് ഒരു സ്ഥലമോ പ്രദേശമോ ഉണ്ടാവില്ല, പക്ഷെ ഒരു കോമ്മൺ തീം ഉണ്ടാവും (final destination പോലെ ). The Shining എന്ന ചിത്രത്തിൽ കുബ്രിക്ക് ആ ഹോട്ടലിനെ എത്ര കിടിലമായാണ് ഉപയോഗിച്ചത്. ഓരോ റൂമും, ഓരോ hallway-യും, കണ്ണാടികളും, maze-ഉം എല്ലാം.

പശ്ചാത്തല സംഗീതം : വെറുതെ കുറെ വയലിനുകൾ ബഹളം വെച്ചാൽ പേടിയുണ്ടാവില്ല. എത്ര മനോഹരമായി ക്രാഫ്റ്റ് ചെയ്ത ഹൊറർ  സീൻ ആണെങ്കിലും പശ്ചാത്തല സംഗീതം പാളിയാൽ തീർന്നു. അത് കൊണ്ട് തന്നെ പശ്ചാത്തല സംഗീതം വളരെ  പ്രധാനം ആണ് (ദി Shining , The Mist തുടങ്ങിയവ )

സസ്പൻസ് : ഇതാണ് മറ്റൊരു ഘടകം. ചില സിനിമകളിൽ നമുക്ക് അറിയാം എന്താണ് കാരണം, ആരാണ് ഇതൊക്കെ ചെയ്യുന്നത് എന്ന്. പക്ഷെ, ആ കഥാപാത്രത്തിന് അറിയുന്നുണ്ടാവില്ല. എങ്കിലും, നമ്മളും ആ കഥാപാത്രത്തിനൊപ്പം സഞ്ചരിക്കും. അത് പോലെ, മറ്റു ചില സിനിമകളിൽ ഹൊറർ element -നെ കഥാപാത്രങ്ങൾക്കും അറിയാം. മറ്റു ചിലതിൽ ഏറ്റവും അവസാനം ആയിരിക്കും പ്രേക്ഷനും കഥാപാത്രവും അറിയുന്നത് (The Mist , Sixth Sense തുടങ്ങിയവ)

ഇതൊക്കെ എനിക്ക് തോന്നിയ ചില വെളിപാടുകളാണ്. ശരിയാകാം, തെറ്റാകാം, മണ്ടത്തരം ആകാം. എന്തായാലും, വെള്ള സാരി ഉടുത്തത് കൊണ്ടോ, പ്രേതം പാടിയത് കൊണ്ടോ,അലറി വിളിച്ചത് കൊണ്ടോ ഇനി മലയാള സിനിമ പ്രേക്ഷകൻ പേടിക്കുമെന്നു തോന്നുന്നില്ല. നല്ലൊരു പാകം വന്ന ഒരു മലയാളം ഹൊറർ സിനിമക്കായി കാത്തിരിക്കുന്നു.

വാൽ : നല്ല ഹൊറർ സിനിമകൾ suggest ചെയ്യു. കണ്ടു പേടിക്കട്ടെ!

Tuesday, February 16, 2016

പുതിയ നിയമം



'ട്വിസ്റ്റ്‌' എന്നത് ഏതു സിനിമയ്ക്കും നല്ലൊരു ചേരുവയാണ്. അതു വരെ പ്രേക്ഷകനെ കൊണ്ടെത്തിച്ച ചിന്തയെ തകിടം മറിക്കുന്ന , അത്ഭുദപ്പെടുത്തുന്ന ചേരുവ. പക്ഷെ, അതിനു വേണ്ടി കഥാസന്ദർഭങ്ങൾ സൃഷ്ടിക്കുകയും , ആത്യന്തികമായ 'ട്വിസ്റ്റ്‌'ലേക്ക് നിർബന്ധപൂർവ്വം എത്തിക്കുകയും ചെയ്യുമ്പോൾ ഒരു എചുകെട്ടൽ അനുഭവപ്പെടും. അത്തരം ഒരു സിനിമയാണ് 'പുതിയ നിയമം'.

'പുതിയ നിയമം' ഒരു മോശം സിനിമയല്ല. യാതൊരു പ്രതീക്ഷയും ഇല്ലാതെ പോയിക്കണ്ടാൽ ഒരു പക്ഷെ ഞെട്ടാൻ തക്കവണ്ണം ഉള്ള സംഭവം ഈ സിനിമയിലുണ്ട്. പക്ഷെ, പലരും പറഞ്ഞു പൊലിപ്പിച്ച പോലെ മമ്മൂട്ടിയുടെ ദൃശ്യം ആണ് പ്രതീക്ഷിക്കുന്നതെങ്കിൽ, നിരാശ ആയിരിക്കും ഫലം. പറഞ്ഞു പഴകിയതാണെങ്കിലും, കാലിക പ്രസക്തിയുള്ള വിഷയം, അത് മോശമല്ലാത്ത രീതിയിൽ പകർത്തിയിട്ടുണ്ട്, പക്ഷെ അതെല്ലാം അനിവാര്യമായ ക്ലൈമാക്സ്‌ ട്വിസ്ടിലെക്ക് ആണല്ലോ എന്ന് പലപ്പോഴും പ്രേക്ഷകന് മനസ്സിലാവും. ഏതാണ്ട് സിനിമയുടെ മുക്കാൽ ഭാഗത്തോളം നായകന് ഒന്നും ചെയ്യാനില്ലാതെ പടം പോകുമ്പോഴേ, പ്രേക്ഷകന് ഊഹിക്കാം അവസാനം എന്തോ ഭയങ്കര സംഭവം നായകൻ ചെയ്യും എന്ന്. ഒരു പക്ഷെ, നായകൻ മമ്മൂട്ടിയെ പോലെ ഒരു സൂപ്പർ താരം ആയതു കൊണ്ടാകാം ആ ഒരു പ്രതീക്ഷ.

മമ്മൂട്ടിയുടെ അഭിനയത്തെപറ്റി പ്രത്യേകം പറയേണ്ട ആവശ്യമില്ല. തന്റെ റോൾ മനോഹരമായി തന്നെ അദ്ദേഹം ചെയ്തു. സരസനായ , എന്നാൽ പ്രതികരിക്കുന്ന ഒരു ഡിവോർസ് വക്കീലായി അദ്ദേഹം തകർത്തു. പ്രാധാന്യത്തിൽ മമ്മൂട്ടിക്കൊപ്പമൊ അതിനു മുകളിലോ നില്ക്കുന്ന കഥാപാത്രമായി നയൻ താരയും കസറി. നായകന്റെ വീര സാഹസങ്ങൾക്ക് വെറും കാഴ്ച്ചക്കാരിയാവാത്ത ഒരു  നായികയെയും ഈ സിനിമയിൽ കാണാം. മറ്റൊരു പരാമര്ശിക്കപ്പെടെണ്ട കലാകാരനാണ് ഇതിലെ ഒരു നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച റോഷൻ എന്ന യുവാവ്. എ.കെ. സാജൻ നല്ലൊരു എഴുതുകാരാൻ ആയിരിക്കാം, പക്ഷെ ഒട്ടും consistent ആയി തോന്നിയിട്ടില്ല. കാശ്മീരവും, ജനാധിപത്യവും, ചിന്താമണിയും ഒക്കെ എഴുതിയ ആള് തന്നെയാണ് നാദിയയും, റെഡ് ചില്ലീസും , ദ്രോണയും ഒക്കെ എഴുതിയത്. പക്ഷെ, 'പുതിയ നിയമം' അദ്ധേഹത്തിന്റെ മോശം സിനിമകളുടെ ലിസ്റ്റിൽ വരില്ല , അത് പോലെ മികച്ച സിനിമകളുടെ ലിസ്റ്റിലും.
മറ്റൊരു എടുത്തു പറയേണ്ട ഒരു കാര്യം, ഇതിലെ പശ്ചാത്തല സംഗീതം ആണ്. വേണ്ടിടത്തും വേണ്ടാത്തിടത്തും ഒക്കെ ആ തീം മ്യൂസിക്‌ ഇട്ടതു അരോചകമായിരുന്നു.

സ്ത്രീ സുരക്ഷക്കും സംരക്ഷണത്തിനും പ്രാധാന്യം ഏറി വരുന്ന കാലഘട്ടത്തിൽ, അതിനെ അടിസ്ഥാനപ്പെടുത്തി ഒരു സിനിമ എടുത്തതിനു  സാജന് സല്യുട്ട്. പക്ഷെ, സിനിമയുടെ ആകെയുള്ള ഒരു ഒഴുക്ക്, ഒരു 'ട്വിസ്റ്റ്‌' അടിസ്ഥാനപ്പെടുത്തി ആയിപ്പോയതാണ് എചുകെട്ടൽ ആയിതോന്നിയത്. നല്ലൊരു attempt എന്ന രീതിയിൽ ഉറപ്പായിട്ടും കാണാം, അത്ഭുദം ഒന്നും പ്രതീക്ഷിക്കരുത്.

വാൽ : മമ്മൂക്കയുടെ പ്രായം ഇപ്പോഴും റിവേർസ് ഗിയറിൽ തന്നെ. എജ്ജാതി ലുക്കാ !

Sunday, February 14, 2016

മഹേഷിന്റെ പ്രതികാരം



സ്പോയിലർ ഉണ്ടാവാം!

സമൂഹ മാധ്യമ നിരൂപണങ്ങളിൽ വായിച്ചറിഞ്ഞത് ഒരു 'ഭയങ്കര' സിനിമയാണ് 'മഹേഷിന്റെ പ്രതികാരം' എന്നാണ് . പക്ഷെ തിയറ്ററിൽ കണ്ടത് ഒരു വമ്പൻ സിനിമയല്ല, മറിച്ചു ഒരു കൊച്ചു സിനിമ. ഒരു നല്ല , മനോഹരമായി ചിത്രീകരിച്ച 'ബ്യുട്ടിഫുൾ' സിനിമയാണ്. മലയാള സിനിമയിലെ 'നടന്മാരിൽ' മിടുക്കനായ ഫഹദിന്റെ ശക്തമായ തിരിച്ചു വരവും ഈ സിനിമയിലൂടെ കണ്ടു.

പ്രതികാരം എന്ന വാക്കിനു ഭയങ്കര ശക്തിയുണ്ട്. അതിന്റെ ശക്തിയുടെ ആഴവും ആക്കവും ഏറിയും കുറഞ്ഞുമിരിക്കും. ചില പ്രതികാരങ്ങൾ ചോരയിൽ തീരും, ചിലത് ചെരുപ്പിലും ! ഇടുക്കിയുടെ സൗന്ദര്യം ആവോളം സിനിമയിൽ ഉണ്ടെങ്കിലും, ഇടുക്കിയുടെ സ്വഭാവ വിശേഷതകളിലേക്കും ഈ സിനിമ കണ്ണോടിക്കുന്നു.  വളരെ സ്വാഭാവികത നിറഞ്ഞ സംഭാഷണങ്ങളും , രംഗങ്ങളും , മനോഹരമായ പാട്ടുകളും, മത്സരിച്ചഭിനയിച്ച അഭിനേതാക്കളും ഈ സിനിമയെ മറ്റൊരു തലത്തിലേക്കെതിക്കുന്നു. പ്രണയവും പ്രണയഭംഗവും, അച്ഛൻ-മകൻ ബന്ധവും, സൗഹൃദവും , പിന്നെ പ്രതികാരവും എല്ലാം മനോഹരമായി തന്നെ       ഈ സിനിമയിൽ  സന്നിവേശിപ്പിച്ചിരിക്കുന്നു.

ഫഹദ് എന്ന നടന്റെ റേഞ്ച് നമുക്കേവർക്കും അറിയാവുന്നതാണ്. അദ്ദേഹം കഴിഞ്ഞ കുറച്ചു സിനിമകളായി  പരാജയ നായകൻ ആണെങ്കിലും , അതിലൊന്നും അദ്ധേഹത്തിന്റെ പ്രകടനം മോശമായിരുന്നില്ല. 'form is temporary, class is permanent' എന്ന് പറയുന്നത് പോലെ ഫഹദ് എങ്ങും പോയിട്ടില്ല, ഇവിടെ തന്നെയുണ്ട്, ഇവിടെ തന്നെയുണ്ടാവും. സൌബിൻ പതിവ് പോലെ രസിപ്പിച്ചു, പക്ഷെ ആ ശൈലി വല്ലാതെ റിപീറ്റ് ആവുന്നുണ്ടോ എന്നൊരു ഇത് . അലൻസിയർ ആണ് മറ്റൊരു എടുത്തു പറയേണ്ട കലാകാരൻ , തികച്ചും class ആയിരുന്നു അദ്ധേഹത്തിന്റെ പ്രകടനം. ഇടുക്കിയുടെ സൗന്ദര്യം ഒപ്പിയ ക്യാമറ, സംഗീതം എല്ലാം അഭിനന്ദനം അർഹിക്കുന്നു.

ദിലീഷ് പോത്തന് അഭിമാനിക്കാം, ഇങ്ങനെ ഒരു കൊച്ചു സിനിമയെ ഇത്രയും വലിയ വിജയമാക്കാൻ സാധിച്ചതിനു . ഇടുക്കി സുന്ദരിയാണ്, 'മഹേഷിന്റെ പ്രതികാരം' സുന്ദരവും.

വാൽ : താങ്കൾ അഭിനയിക്കുന്ന സിനിമ വിജയമോ പരാജയമോ ആയിക്കോട്ടെ, പക്ഷെ ഫഹദ്, താങ്കളെ മലയാള സിനിമക്ക് ആവശ്യമുണ്ട്. ഇനിയും നല്ല സിനിമകളിലൂടെ മുന്നേറുക, കമോണ്ട്രാ മഹേഷേ...അല്ല..ഫഹദേ !

Tuesday, February 9, 2016

The Turin Horse (2011)



ബെല ടാഹ്ർ എന്ന ഹംഗേറിയൻ സംവിധായകന്റെ സിനിമയാണ് 'The Turin Horse'. മുഖ്യധാര സിനിമകളിൽ ഒരുപാട് ജീവിതങ്ങൾ അഭ്രപാളിയിൽ പകർത്തി നാം കണ്ടിട്ടുണ്ട്. അതിൽ ചവറുകളും, മഹാ സിനിമകളും ഉണ്ട്. ചില സിനിമകളിൽ ഒന്നിൽ കൂടുതൽ കഥാപാത്രങ്ങളുടെ ജീവിതങ്ങൾ ചർച്ച ചെയ്യപ്പെടുന്നു. 'The Turin Horse' എന്ന സിനിമ ഒരു വൃദ്ധൻ, അയാളുടെ മകൾ , അവർ വളർത്തുന്ന ഒരു കുതിര --- ഈ മൂന്നു കഥാപാത്രങ്ങളിലൂടെയാണ് പോകുന്നത്. പക്ഷെ, ഇവിടെ ഇവരുടെ ജീവിതത്തിന്റെ ആറു ദിവസങ്ങളാണ് കാണിക്കുന്നത്, അത്ഭുദപ്പെദുതുന്ന കൃത്യതയോടെ!

Friedrich Nietzsche, 1800-കളിലെ മഹാനായ ഒരു ജർമ്മൻ തത്ത്വചിന്തകൻ ആണ്. അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച് ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ഒരു ദിവസം, ടൂറിൻ നഗരത്തിൽ ഒരു കുതിരയെ അതിന്റെ ഉടമസ്ഥൻ അടിക്കുന്നത് കണ്ട Nietzsche അവിടേക്ക് ഓടിയെത്തുകയും, കുതിരയെ ചുറ്റിപ്പിടിച്ചു കരയുകയും ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം ബോധരഹിതനായി നിലം പതിച്ചു. ആരൊക്കെയോ അദ്ധേഹത്തെ വീട്ടിലെത്തിച്ചു, പക്ഷെ രണ്ടു ദിവസം അദ്ദേഹം ഒരക്ഷരം പോലും മിണ്ടിയില്ല. അടുത്ത ദിവസം തന്റെ അമ്മയോട് അദ്ദേഹം പറഞ്ഞു, " അമ്മെ, ഞാനൊരു വിഡ്ഢിയാണ് ". അതിനു ശേഷം അദ്ദേഹം മരിക്കുന്നത് വരെ സംസാരിച്ചില്ല.   ഈയൊരു സംഭവം narrate ചെയ്തു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. ഒരു Nietzsche ആരധകൻ ആയ ബെല ടാഹ്ർ , ഈ സംഭവത്തിന്‌ ശേഷം ആ കുതിരക്കും കുതിരക്കാരനും എന്ത് സംഭവിച്ചു എന്നാണു സിനിമയിലൂടെ പറയുന്നത്.

ഈ സിനിമയുടെ opening  ഷോട്ട് ഏതാണ്ട് 3-4 മിനുട്ടോളം ഉണ്ട്. വളരെ അധികം ചർച്ച ചെയ്യപ്പെട്ട ഒരു ഷോട്ട് ആണത്. പ്രതികൂലമായ കാലാവസ്ഥയിൽ, മനുഷ്യനും മൃഗവും മുന്നോട്ട് നീങ്ങുന്ന ഷോട്ട്...രണ്ടു പേരെയും മാറി മാറി കാണിക്കുന്നുണ്ട് ഈ ഷോട്ടിൽ. ഈ സിനിമ മുഴുവൻ black and white മോഡിലാണ് ഷൂട്ട്‌ ചെയ്തിരിക്കുന്നത്. ആകെ ഏതാണ്ട് മുപ്പതു ഷോട്ടുകൾ മാത്രമേ ഈ രണ്ടര മണിക്കൂർ ദൈര്ഘ്യമുള്ള ചിത്രതിനുള്ളൂ.വളരെ കുറച്ചു dialogs മാത്രം.

സാമൂഹിക യാഥാർത്ഥ്യം വരച്ചു കാട്ടുക ---ഇതാണ് ഈ സിനിമ കൊണ്ടുള്ള തന്റെ ലക്‌ഷ്യം എന്ന് ടാഹ്ർ പറയുന്നുണ്ട്. പക്ഷെ, 19 ആം നൂറ്റാണ്ടിലെ ഹംഗറിയെ പറ്റിയോ ഇപ്പോഴത്തെ അവസ്ഥയെ പറ്റിയോ ഒന്നും സിനിമയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കില്ല. ഇതിലെ ചില രംഗങ്ങളിലൂടെ മാത്രമേ അത് മനസ്സിലാക്കാൻ സാധികുകയുള്ളൂ. മനുഷ്യൻ പുരോഗതിയുടെ പിന്നാലെ പായുമ്പോൾ, സ്വയം നിർമിതമായ ബൌദ്ധിക  അംശങ്ങളും , അടിസ്ഥാന സാമൂഹ്യ ബോധവും തമ്മിലുള്ള conflict , ചരിത്രവുമായി പൂർണമായി ബന്ധമില്ലാതെ,  പഴയ വേരുകൾ മറന്നു പോകുമ്പോൾ, അത് അനിവാര്യമായ അന്ത്യത്തിലേക്ക് നയിക്കും എന്നും  നേരിട്ടല്ലാതെ പറഞ്ഞു വെയ്ക്കുന്നു സംവിധായകൻ. കുതിരക്കാരന്റെ മകൾ അയാളെ പരിപാലിക്കുന്നതും, പ്രകൃതിയുമായി വളരെ ബുദ്ധിമുട്ടി ജീവിക്കുന്നതും, കിണറിലെ വെള്ളം തീരുന്നതും, ഒരു ബൈബിൾ ലഭിക്കുന്നതും, അവസാനം അനിവാര്യമായ മരണത്തിലേക്ക് ഉറ്റു നോക്കുന്നതും എല്ലാം ആ തരത്തിലുള്ള  images ആണ്. നാം മനുഷ്യർ, ഒരേ തരത്തിലുള്ള ജീവിത ചര്യകളിൽ ഏർപ്പെടുകയും , വളരെ monotonous  ആയ ഒരു ജീവിതത്തിൽ പെട്ട് പോകുകയും , നശ്വരൻ ആണ് താൻ എന്നോർക്കാതെ വേരുകളിൽ നിന്നകന്നു പോകുകയും, അവസാനം  അനിവാര്യമായ അന്ത്യത്തിലേക്ക് കൂപ്പു കുത്തുകയും ചെയ്യുന്നു.

വളരെ ബുദ്ധിമുട്ടാണ് ഈ സിനിമ കണ്ടു തീർക്കാൻ. തന്റെ idea പൂർണമായും കാണിക്കാൻ, ടാഹ്ർ വളരെ detailed ആയിട്ടാണ് ഓരോ സീനും എടുത്തിരിക്കുന്നത്, അതിനാൽ തന്നെ നല്ല slow ആണ് ഈ സിനിമ. ഒരേ സീനുകൾ പല വട്ടം ആവർത്തിക്കുന്നു (monotonous life / actions കാണിക്കാൻ) . അത് പോലെ ഓരോ സീനും നീളം കൂടിയതാണ്, കൂടുതലും നിശബ്ദതയോ, കാറ്റിന്റെ ശബ്ദമോ മാത്രമേ ഉള്ളൂ. ഈ സിനിമയുടെ ആത്യന്തികമായ ഉദ്ദേശം മനസ്സിലാക്കാൻ കുറച്ചധികം വായിക്കേണ്ടിയും വന്നു. പക്ഷെ, ഫിലോസഫി ഇഷ്ടപ്പെടുന്നവരും, നല്ല ശുദ്ധ classic സിനിമകൾ കാണാൻ താല്പര്യമുള്ളവരും നഷ്ടപ്പെടുത്തരുത് ഈ സിനിമ.

Saturday, February 6, 2016

ആക്ഷൻ ഹീറോ ബിജു



റിയലസ്റ്റിക്.  ആ ഒരു വാക്കാണ്‌ ഈ സിനിമയെ പറ്റി പറഞ്ഞും വായിച്ചും അറിഞ്ഞത് . ആ ഒരു വാക്കാണ്, ഈ സിനിമയെ പറ്റി ചില മോശം അഭിപ്രായങ്ങൾ കേട്ടപ്പോഴും, ധൈര്യമായി ടിക്കറ്റ് എടുക്കാൻ എന്നെ പ്രേരിപ്പിച്ചത്. സിനിമ കണ്ടിറങ്ങിയപ്പോഴും എനിക്കും ഒരു വാക്ക് മാത്രമാണ് പറയാനുള്ളത് : റിയലസ്റ്റിക് . ഒരു പോലീസുകാരന്റെ ജീവിതം , മസാലകൾ ഇല്ലാതെ അവതരിപ്പിച്ച സിനിമ. ടാഗ് ലൈനുമായി നൂറു ശതമാനം നീതി പുലർത്തിയ സിനിമ . അതാണ്‌ 'ആക്ഷൻ ഹീറോ ബിജു'.

ഒരുപാട് പോലീസ് കഥാപാത്രങ്ങളെ കേരളം കണ്ടിട്ടുണ്ട്. അതിൽ കൂടുതലും ആക്രോശിക്കുന്നതും , വെല്ലുവിളികൾ മുഴക്കുന്നതോ, അല്ലെങ്കിൽ വിഡ്ഢി വേഷങ്ങളോ ആണ്. ഒരു ബീ ജീ എമ്മിന്റെ അകമ്പടിയോടു കൂടി , വായിൽ നിന്നും അനർഗള നിർഗളം ഇംഗ്ലീഷ് ശർദിക്കുന്ന , മുഖ്യമന്ത്രിയെ പോലും ചീത്ത വിളിക്കുന്ന പോലീസ് കഥാപാത്രങ്ങൾ . അങ്ങനെയുള്ള പോലീസുകാരെ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ , ഭൂരിഭാഗം ആള്കാരും 'ഇല്ല' എന്നേ മറുപടി പറയു. എന്നാൽ, ഈ സിനിമ കണ്ടവർ പറയും, ഭൂരിഭാഗം പോലീസുകാരും 'ആക്ഷൻ ഹീറോ ബിജു'മാരാണെന്ന് .

ഈ സിനിമക്ക് ഒരു കഥയില്ല.  ആദി മധ്യാന്തം വലിച്ചു നീട്ടി 'നിറഞ്ഞു' നിൽക്കുന്ന ഒരു കഥയെ അടിസ്ഥാനപ്പെടുത്തിയുള്ള  പരമ്പരാഗത സിനിമാ പിടുത്തം അല്ല എബ്രിഡ് ഈ സിനിമയിൽ നിർവഹിച്ചിരിക്കുന്നത്. മലയാള സിനിമയിലെ മിക്ക സിനിമകളും നടക്കുന്ന വഴിയിൽ നിന്നും ഒരല്പം മാറിയാണ് 'ആക്ഷൻ ഹീറോ ബിജു'വിന്റെ നടപ്പ്. അതൊരു so-called നിവിൻ പോളി ആരാധകനെ നിരാശപ്പെടുതുമായിരിക്കും, പക്ഷെ ഒരു ഫ്രഷ്‌ സിനിമ ആഗ്രഹിക്കുന്നവർക്ക് അതൊരു നല്ലനടപ്പായിട്ടെ തോന്നു.

ഒരു ടൌൺ എസ് ഐയുടെ ഔദ്യോഗിക ജീവിതത്തിലേക്ക് കടന്നു വരുന്ന കേസുകളിലൂടെയാണ് സിനിമ നീങ്ങുന്നത്‌.  അത് കൊണ്ട് തന്നെ, അടുത്തടുത്ത രംഗങ്ങളിൽ ഒരു ബന്ധം കാണാൻ സാധിക്കില്ല, പക്ഷെ, ബിജു എന്ന വ്യക്തിത്വത്തെ വരച്ചു കാട്ടാൻ ആ രംഗങ്ങളൊക്കെ തന്നെ മനോഹരമായി ഉപയോഗിച്ചിരിക്കുന്നു സംവിധായകൻ . അത് പോലെ, ഒരു പോലീസുകാരന്റെ ജീവിതം എങ്ങനെ ഒക്കെയാനെന്നും സിനിമ പറയുന്നു. കണ്ടു മടുത്ത, സ്ഥിരം തറ ചളികൾ ഈ സിനിമയിൽ എവിടെയും കാണാൻ സാധിക്കില്ല.  എന്നാൽ, ചിരിച്ചു രസിക്കാനുള്ള, നല്ല തമാശകൾ ധാരാളമുണ്ട്. 1983 എന്ന സിനിമയിലൂടെ തന്നെ തന്റെ കഴിവ് എബ്രിഡ് തെളിയിച്ചതാണ്, പക്ഷെ വേറിട്ടൊരു ആഖ്യാനശൈലിയും തനിക്ക് വഴങ്ങും എന്ന് അദ്ദേഹം 'ബിജു'വിലൂടെ തെളിയിച്ചിരിക്കുന്നു. തന്റെ സിനിമാ തിരഞ്ഞെടുപ്പ് സൂക്ഷ്മതയോടു കൂടി തന്നെയാണെന്ന് നിവിനും തെളിയിച്ചിരിക്കുന്നു, തന്റെ വേഷം ഗംഭീരമായി തന്നെ അദ്ദേഹം അഭ്രപാളിയിൽ പകർത്തിയിരിക്കുന്നു. അമൽദേവ് മാഷിന്റെ ഗാനങ്ങളും, അലക്സ്‌ പുള്ളിക്കലിന്റെ ക്യാമറയും നന്നായിരുന്നു.

ഈ സിനിമയുടെ താളം എന്നത് നിവിൻ പോളി  അല്ല എന്ന് ഞാൻ പറയും. അത്, ബിജുവിന്റെ മുന്നിൽ വരുന്ന കേസുകളിലെ കഥാപ്രാത്രങ്ങളായി അഭിനയിച്ചവരാണ്‌. ഒട്ടും അമിതാഭിനയം ഇല്ലാതെ, എത്ര മനോഹരമായാണ് അവർ ഈ സിനിമയിൽ  അഭിനയിച്ചു ( അഭിനയം ആണെന്ന് പലപ്പോഴും തോന്നാത്ത രീതിയിൽ)  തകർത്തത് ? തുണി പറിക്കുന്ന കുടിയൻ ആയാലും, അയൽവാസിയുടെ കുളി സീനിന്റെ കാര്യം പറയുന്ന ചേച്ചി ആണെങ്കിലും, വയർലെസ്സ് മോഷ്ടിക്കുന്ന കുടിയൻ ആയാലും, എല്ലാവരും തന്നെ തകർത്ത് വാരി.  ചിലയിടങ്ങളിൽ stereotype ചെയ്യപ്പെട്ട ചില സംഭവങ്ങൾ അല്പം കടുത്ത രീതിയിൽ കാട്ടിയെങ്കിലും ( തടി, കറുപ്പ്, ഫ്രീക്ക് തുടങ്ങിയവ) , അതൊന്നും സിനിമയുടെ മെറിറ്റ്‌ കുറയ്ക്കുന്നില്ല.

നിവിൻ പോളി ഇംഗ്ലീഷ് പഠിക്കണം, നെടുനീളൻ ഡയലോഗുകളിൽ പതറി എന്നൊക്കെ പറയുന്നവരോട് ഒരു വാക്ക്. കേരളത്തിലെ ബഹുഭൂരിപക്ഷം പോലീസ് സ്റ്റേഷനുകളിലും ഒരു ഭരത് ചന്ദ്രനെയോ ഒന്നും കാണാൻ കഴിയില്ല, പകരം ഒരു ബിജുവിനെ ആയിരിക്കും. മഴയത്തും വെയിലത്തും, സമരത്തിനും ജാഥകൾക്കും കാവൽ നിൽകാനും , രാത്രിയിലും പകലും സമൂഹത്തിനു സംരക്ഷണം ഉറപ്പു വരുത്താനും കഷ്പ്പെടുന്ന  അൻപതിനായിരത്തോളം വരുന്ന നമ്മുടെ കേരള പോലീസിനുള്ള ഒരു സല്യുട്ട് ആണീ 'ആക്ഷൻ ഹീറോ ബിജു'.

വാൽ : സുരാജ്, നിങ്ങൾ പ്രതിഭയാണ്, പ്രതിഭാസമാണ്.