Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Sunday, February 14, 2016

മഹേഷിന്റെ പ്രതികാരം



സ്പോയിലർ ഉണ്ടാവാം!

സമൂഹ മാധ്യമ നിരൂപണങ്ങളിൽ വായിച്ചറിഞ്ഞത് ഒരു 'ഭയങ്കര' സിനിമയാണ് 'മഹേഷിന്റെ പ്രതികാരം' എന്നാണ് . പക്ഷെ തിയറ്ററിൽ കണ്ടത് ഒരു വമ്പൻ സിനിമയല്ല, മറിച്ചു ഒരു കൊച്ചു സിനിമ. ഒരു നല്ല , മനോഹരമായി ചിത്രീകരിച്ച 'ബ്യുട്ടിഫുൾ' സിനിമയാണ്. മലയാള സിനിമയിലെ 'നടന്മാരിൽ' മിടുക്കനായ ഫഹദിന്റെ ശക്തമായ തിരിച്ചു വരവും ഈ സിനിമയിലൂടെ കണ്ടു.

പ്രതികാരം എന്ന വാക്കിനു ഭയങ്കര ശക്തിയുണ്ട്. അതിന്റെ ശക്തിയുടെ ആഴവും ആക്കവും ഏറിയും കുറഞ്ഞുമിരിക്കും. ചില പ്രതികാരങ്ങൾ ചോരയിൽ തീരും, ചിലത് ചെരുപ്പിലും ! ഇടുക്കിയുടെ സൗന്ദര്യം ആവോളം സിനിമയിൽ ഉണ്ടെങ്കിലും, ഇടുക്കിയുടെ സ്വഭാവ വിശേഷതകളിലേക്കും ഈ സിനിമ കണ്ണോടിക്കുന്നു.  വളരെ സ്വാഭാവികത നിറഞ്ഞ സംഭാഷണങ്ങളും , രംഗങ്ങളും , മനോഹരമായ പാട്ടുകളും, മത്സരിച്ചഭിനയിച്ച അഭിനേതാക്കളും ഈ സിനിമയെ മറ്റൊരു തലത്തിലേക്കെതിക്കുന്നു. പ്രണയവും പ്രണയഭംഗവും, അച്ഛൻ-മകൻ ബന്ധവും, സൗഹൃദവും , പിന്നെ പ്രതികാരവും എല്ലാം മനോഹരമായി തന്നെ       ഈ സിനിമയിൽ  സന്നിവേശിപ്പിച്ചിരിക്കുന്നു.

ഫഹദ് എന്ന നടന്റെ റേഞ്ച് നമുക്കേവർക്കും അറിയാവുന്നതാണ്. അദ്ദേഹം കഴിഞ്ഞ കുറച്ചു സിനിമകളായി  പരാജയ നായകൻ ആണെങ്കിലും , അതിലൊന്നും അദ്ധേഹത്തിന്റെ പ്രകടനം മോശമായിരുന്നില്ല. 'form is temporary, class is permanent' എന്ന് പറയുന്നത് പോലെ ഫഹദ് എങ്ങും പോയിട്ടില്ല, ഇവിടെ തന്നെയുണ്ട്, ഇവിടെ തന്നെയുണ്ടാവും. സൌബിൻ പതിവ് പോലെ രസിപ്പിച്ചു, പക്ഷെ ആ ശൈലി വല്ലാതെ റിപീറ്റ് ആവുന്നുണ്ടോ എന്നൊരു ഇത് . അലൻസിയർ ആണ് മറ്റൊരു എടുത്തു പറയേണ്ട കലാകാരൻ , തികച്ചും class ആയിരുന്നു അദ്ധേഹത്തിന്റെ പ്രകടനം. ഇടുക്കിയുടെ സൗന്ദര്യം ഒപ്പിയ ക്യാമറ, സംഗീതം എല്ലാം അഭിനന്ദനം അർഹിക്കുന്നു.

ദിലീഷ് പോത്തന് അഭിമാനിക്കാം, ഇങ്ങനെ ഒരു കൊച്ചു സിനിമയെ ഇത്രയും വലിയ വിജയമാക്കാൻ സാധിച്ചതിനു . ഇടുക്കി സുന്ദരിയാണ്, 'മഹേഷിന്റെ പ്രതികാരം' സുന്ദരവും.

വാൽ : താങ്കൾ അഭിനയിക്കുന്ന സിനിമ വിജയമോ പരാജയമോ ആയിക്കോട്ടെ, പക്ഷെ ഫഹദ്, താങ്കളെ മലയാള സിനിമക്ക് ആവശ്യമുണ്ട്. ഇനിയും നല്ല സിനിമകളിലൂടെ മുന്നേറുക, കമോണ്ട്രാ മഹേഷേ...അല്ല..ഫഹദേ !

No comments:

Post a Comment