Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Saturday, February 6, 2016

ആക്ഷൻ ഹീറോ ബിജു



റിയലസ്റ്റിക്.  ആ ഒരു വാക്കാണ്‌ ഈ സിനിമയെ പറ്റി പറഞ്ഞും വായിച്ചും അറിഞ്ഞത് . ആ ഒരു വാക്കാണ്, ഈ സിനിമയെ പറ്റി ചില മോശം അഭിപ്രായങ്ങൾ കേട്ടപ്പോഴും, ധൈര്യമായി ടിക്കറ്റ് എടുക്കാൻ എന്നെ പ്രേരിപ്പിച്ചത്. സിനിമ കണ്ടിറങ്ങിയപ്പോഴും എനിക്കും ഒരു വാക്ക് മാത്രമാണ് പറയാനുള്ളത് : റിയലസ്റ്റിക് . ഒരു പോലീസുകാരന്റെ ജീവിതം , മസാലകൾ ഇല്ലാതെ അവതരിപ്പിച്ച സിനിമ. ടാഗ് ലൈനുമായി നൂറു ശതമാനം നീതി പുലർത്തിയ സിനിമ . അതാണ്‌ 'ആക്ഷൻ ഹീറോ ബിജു'.

ഒരുപാട് പോലീസ് കഥാപാത്രങ്ങളെ കേരളം കണ്ടിട്ടുണ്ട്. അതിൽ കൂടുതലും ആക്രോശിക്കുന്നതും , വെല്ലുവിളികൾ മുഴക്കുന്നതോ, അല്ലെങ്കിൽ വിഡ്ഢി വേഷങ്ങളോ ആണ്. ഒരു ബീ ജീ എമ്മിന്റെ അകമ്പടിയോടു കൂടി , വായിൽ നിന്നും അനർഗള നിർഗളം ഇംഗ്ലീഷ് ശർദിക്കുന്ന , മുഖ്യമന്ത്രിയെ പോലും ചീത്ത വിളിക്കുന്ന പോലീസ് കഥാപാത്രങ്ങൾ . അങ്ങനെയുള്ള പോലീസുകാരെ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ , ഭൂരിഭാഗം ആള്കാരും 'ഇല്ല' എന്നേ മറുപടി പറയു. എന്നാൽ, ഈ സിനിമ കണ്ടവർ പറയും, ഭൂരിഭാഗം പോലീസുകാരും 'ആക്ഷൻ ഹീറോ ബിജു'മാരാണെന്ന് .

ഈ സിനിമക്ക് ഒരു കഥയില്ല.  ആദി മധ്യാന്തം വലിച്ചു നീട്ടി 'നിറഞ്ഞു' നിൽക്കുന്ന ഒരു കഥയെ അടിസ്ഥാനപ്പെടുത്തിയുള്ള  പരമ്പരാഗത സിനിമാ പിടുത്തം അല്ല എബ്രിഡ് ഈ സിനിമയിൽ നിർവഹിച്ചിരിക്കുന്നത്. മലയാള സിനിമയിലെ മിക്ക സിനിമകളും നടക്കുന്ന വഴിയിൽ നിന്നും ഒരല്പം മാറിയാണ് 'ആക്ഷൻ ഹീറോ ബിജു'വിന്റെ നടപ്പ്. അതൊരു so-called നിവിൻ പോളി ആരാധകനെ നിരാശപ്പെടുതുമായിരിക്കും, പക്ഷെ ഒരു ഫ്രഷ്‌ സിനിമ ആഗ്രഹിക്കുന്നവർക്ക് അതൊരു നല്ലനടപ്പായിട്ടെ തോന്നു.

ഒരു ടൌൺ എസ് ഐയുടെ ഔദ്യോഗിക ജീവിതത്തിലേക്ക് കടന്നു വരുന്ന കേസുകളിലൂടെയാണ് സിനിമ നീങ്ങുന്നത്‌.  അത് കൊണ്ട് തന്നെ, അടുത്തടുത്ത രംഗങ്ങളിൽ ഒരു ബന്ധം കാണാൻ സാധിക്കില്ല, പക്ഷെ, ബിജു എന്ന വ്യക്തിത്വത്തെ വരച്ചു കാട്ടാൻ ആ രംഗങ്ങളൊക്കെ തന്നെ മനോഹരമായി ഉപയോഗിച്ചിരിക്കുന്നു സംവിധായകൻ . അത് പോലെ, ഒരു പോലീസുകാരന്റെ ജീവിതം എങ്ങനെ ഒക്കെയാനെന്നും സിനിമ പറയുന്നു. കണ്ടു മടുത്ത, സ്ഥിരം തറ ചളികൾ ഈ സിനിമയിൽ എവിടെയും കാണാൻ സാധിക്കില്ല.  എന്നാൽ, ചിരിച്ചു രസിക്കാനുള്ള, നല്ല തമാശകൾ ധാരാളമുണ്ട്. 1983 എന്ന സിനിമയിലൂടെ തന്നെ തന്റെ കഴിവ് എബ്രിഡ് തെളിയിച്ചതാണ്, പക്ഷെ വേറിട്ടൊരു ആഖ്യാനശൈലിയും തനിക്ക് വഴങ്ങും എന്ന് അദ്ദേഹം 'ബിജു'വിലൂടെ തെളിയിച്ചിരിക്കുന്നു. തന്റെ സിനിമാ തിരഞ്ഞെടുപ്പ് സൂക്ഷ്മതയോടു കൂടി തന്നെയാണെന്ന് നിവിനും തെളിയിച്ചിരിക്കുന്നു, തന്റെ വേഷം ഗംഭീരമായി തന്നെ അദ്ദേഹം അഭ്രപാളിയിൽ പകർത്തിയിരിക്കുന്നു. അമൽദേവ് മാഷിന്റെ ഗാനങ്ങളും, അലക്സ്‌ പുള്ളിക്കലിന്റെ ക്യാമറയും നന്നായിരുന്നു.

ഈ സിനിമയുടെ താളം എന്നത് നിവിൻ പോളി  അല്ല എന്ന് ഞാൻ പറയും. അത്, ബിജുവിന്റെ മുന്നിൽ വരുന്ന കേസുകളിലെ കഥാപ്രാത്രങ്ങളായി അഭിനയിച്ചവരാണ്‌. ഒട്ടും അമിതാഭിനയം ഇല്ലാതെ, എത്ര മനോഹരമായാണ് അവർ ഈ സിനിമയിൽ  അഭിനയിച്ചു ( അഭിനയം ആണെന്ന് പലപ്പോഴും തോന്നാത്ത രീതിയിൽ)  തകർത്തത് ? തുണി പറിക്കുന്ന കുടിയൻ ആയാലും, അയൽവാസിയുടെ കുളി സീനിന്റെ കാര്യം പറയുന്ന ചേച്ചി ആണെങ്കിലും, വയർലെസ്സ് മോഷ്ടിക്കുന്ന കുടിയൻ ആയാലും, എല്ലാവരും തന്നെ തകർത്ത് വാരി.  ചിലയിടങ്ങളിൽ stereotype ചെയ്യപ്പെട്ട ചില സംഭവങ്ങൾ അല്പം കടുത്ത രീതിയിൽ കാട്ടിയെങ്കിലും ( തടി, കറുപ്പ്, ഫ്രീക്ക് തുടങ്ങിയവ) , അതൊന്നും സിനിമയുടെ മെറിറ്റ്‌ കുറയ്ക്കുന്നില്ല.

നിവിൻ പോളി ഇംഗ്ലീഷ് പഠിക്കണം, നെടുനീളൻ ഡയലോഗുകളിൽ പതറി എന്നൊക്കെ പറയുന്നവരോട് ഒരു വാക്ക്. കേരളത്തിലെ ബഹുഭൂരിപക്ഷം പോലീസ് സ്റ്റേഷനുകളിലും ഒരു ഭരത് ചന്ദ്രനെയോ ഒന്നും കാണാൻ കഴിയില്ല, പകരം ഒരു ബിജുവിനെ ആയിരിക്കും. മഴയത്തും വെയിലത്തും, സമരത്തിനും ജാഥകൾക്കും കാവൽ നിൽകാനും , രാത്രിയിലും പകലും സമൂഹത്തിനു സംരക്ഷണം ഉറപ്പു വരുത്താനും കഷ്പ്പെടുന്ന  അൻപതിനായിരത്തോളം വരുന്ന നമ്മുടെ കേരള പോലീസിനുള്ള ഒരു സല്യുട്ട് ആണീ 'ആക്ഷൻ ഹീറോ ബിജു'.

വാൽ : സുരാജ്, നിങ്ങൾ പ്രതിഭയാണ്, പ്രതിഭാസമാണ്.

No comments:

Post a Comment