Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Saturday, March 28, 2015

എന്നും എപ്പോഴും


ഒരു നല്ല കുടുംബ ചിത്രം എന്ന അഭിപ്രായം കേട്ടാണ് ടിക്കറ്റ്‌ എടുത്തത്‌. അക്കാര്യത്തിൽ സത്യൻ അന്തിക്കാട് ചതിക്കില്ല എന്നൊരു വിശ്വാസവും കൂടെയുണ്ടായിരുന്നു. മോശം പറയരുതല്ലോ, ഒരു ഫാമിലി മൂവി എന്ന നിലയിൽ 'എന്നും എപ്പോഴും' നിരാശപ്പെടുത്തിയില്ല. പക്ഷെ, പറയാൻ തക്കവണ്ണം ഒരു സോളിഡ് കഥയോ , കട്ട്‌ പറയാൻ മറന്നു പോയി എന്ന് സംവിധായകൻ പറഞ്ഞ പോലത്തെ അഭിനയ മുഹൂർത്തങ്ങളോ ഒന്നും തന്നെ ഈ സിനിമയിലില്ല. അത്യാവശ്യം ബോറടിക്കാതെ കണ്ടിരിക്കാവുന്ന, ഒരു സ്ഥിരം സത്യൻ അന്തിക്കാട് സിനിമ.

ഒരു വനിതാ മാസികയിലെ സീനിയർ ലേഖകൻ. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു അഭിഭാഷക. ഇവരുടെ ജീവിതങ്ങളാണ് ഈ സിനിമ. അഭിഭാഷകയുടെ ഇന്റർവ്യൂ കിട്ടാൻ പിറകെ നടക്കുന്ന ലേഖകൻ, അവസാനം അഭിഭാഷകയുടെ ജീവിതത്തിൽ ഒരു നല്ല 'ട്വിസ്റ്റ്‌' കൊണ്ട് വരാൻ സഹായിക്കുന്നു. അതാണ്‌ കഥ. പാകത്തിന് തമാശകളും, പതിവിനു കുടുംബ പ്രശ്നങ്ങളും ചേർത്തിട്ടുണ്ട്. മോഹൻലാലിന്റെ നർമ മാനറിസങ്ങലെല്ലാം തന്നെ ചൂഷണം ചെയ്യാൻ ഒരു ശ്രമം നടത്തിയിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ ചുമ്മാ കണ്ടിരിക്കാവുന്ന സിനിമ ആണെങ്കിലും, ഒന്ന് കൂടി ആലോചിച്ചാൽ കാര്യമായിട്ടൊന്നും ഈ സിനിമയിലില്ല.

മോഹൻലാൽ തകർത്തു...പഴയ ലാലേട്ടൻ തിരിച്ചു വന്നു എന്നൊക്കെ ആർപ്പുവിളികൾ പല അഭിപ്രായപ്രകടനങ്ങളിലും കണ്ടു. പക്ഷെ, ഇത് അദ്ദേഹത്തിന് വെറും നിസ്സാരമായ ഒരു വേഷപ്പകർച്ച ആയിട്ടാണ് എനിക്ക് തോന്നിയത്. ഒരു തരത്തിൽ നോക്കിയാൽ, അദ്ധേഹത്തിന്റെ ഒരു ഒറ്റയാൾ പ്രകടനമാണ് ഈ സിനിമയിൽ. തികച്ചും ഒരു 'ഓവർ റേറ്റഡ്' തിരിച്ചു വരവാണ് മഞ്ജു വാരരിയരുടെത്. ഭയങ്കര നാടകീയത അനുഭവപ്പെട്ടു അവരുടെ അഭിനയത്തിൽ. പഴയ ആ ഒരു ഒഴുക്ക് നഷ്ടപ്പെട്ടത് പോലെ. ഗ്രിഗറി നന്നായെങ്കിലും മോഹൻലാലിനൊപ്പം റ്റൈമിങ്ങിൽ നന്നായി കഷ്ടപ്പെട്ടു. തിരക്കഥയിൽ താളമില്ലായിരുന്നു, പല രംഗങ്ങളും അനാവശ്യമായി നീട്ടിയത് പോലെ തോന്നി. പാട്ടുകൾ സത്യം പറഞ്ഞാ ബോറടിപ്പിച്ചു. നീൽ ഡി കുഞ്ഞയുടെ ക്യാമറ ആശ്വാസമായി.

സത്യൻ അന്തിക്കാട് സിനിമകൾ ഒരേ റൂട്ടിലോടുന്ന ബസ്സുകളാണ്. ആ ബസ്സുകളിൽ എന്നും എപ്പോഴും ആളുകൾ നിറഞ്ഞു കയറിയിട്ടുമുണ്ട്. 'എന്നും എപ്പോഴും' എന്ന സിനിമാ വണ്ടിയും നിറഞ്ഞോടുമായിരിക്കും. പക്ഷെ, ഇനിയെങ്കിലും റൂട്ട് മാറ്റി പിടിച്ചില്ലെങ്കിൽ, ഈ റൂട്ടിലോടുന്ന വണ്ടികൾ കാലിയായി ഓടേണ്ടി വരുമോ എന്ന് ഭയക്കേണ്ടിയിരിക്കുന്നു.

വാൽ: സത്യൻ സിനിമകളുടെ ആരാധകർ എന്നും എപ്പോഴും ഫാമിലി തന്നെ. പക്ഷെ, ഇനി വരുന്ന ഫാമിലികൾ എന്ന് പറയുന്നത് ഇപ്പോഴത്തെ യൂത്ത് വളരുന്നതാണ്. അവർക്കീ 'സത്യൻ ഫോർമുല' ഇഷ്ടപ്പെടണമെന്നില്ല. സൊ, സത്യൻ അന്തിക്കാട് സാർ , മാറി ചിന്തിക്കൂ...'പിൻഗാമി'ക്ക് ഇന്നും ആരാധകരുണ്ട്, ഓർക്കുക. 

ഒരു വടക്കൻ സെൽഫി



'അമ്മേ നാരായണ..നാരായണീ..അഹ്..എന്തെങ്കിലുമാവട്ടെ'

ഈയൊരു പ്രാർത്ഥനയോട് തന്നെ തുടങ്ങാമെന്ന് വെച്ചു. പൊങ്കാല വല്ലതും വന്നാൽ 'അമ്മ നാരായണി' നോക്കിക്കോളുമല്ലോ!. ആദ്യമേ പറയട്ടെ, ഉദാത്തമായ ഒരു സിനെമയോന്നുമല്ല 'ഒരു വടക്കൻ സെൽഫി'. പക്ഷെ, ഒരു 'ക്ലീൻ എന്റർറ്റൈനർ', അതാണീ സിനിമ. എൻജിനിയറിംഗ് വിദ്യാർഥികളുടെയും , നിവിമ്പോളിസം ആരാധകരുടെയും പൾസ്‌ അറിഞ്ഞു കൊണ്ട് എറിഞ്ഞൊരു സിനിമയാണിത്. എന്തായാലും, തിയറ്റർ റെസ്പോണ്‍സ് വെച്ചും മറ്റു ഓണ്‍ലൈൻ അഭിപ്രായങ്ങളും വെച്ച് നോക്കുമ്പോ ഈ സെൽഫി 'ക്ലിക്ക്' ആയി എന്ന് തന്നെ വേണം കരുതാൻ.

എൻജിനിയറിംഗ് പഠിക്കുന്നവരെ ഉത്തരവാദിത്വമല്ലാത്ത ഒരു കൂട്ടമായി ചിത്രീകരിക്കുന്നത് ഒരു സ്ഥിരം ശൈലിയാണ് (അതൊരു പരിധി വരെ ശരിയാണെങ്കിൽ പോലും). അങ്ങനെ ഉത്തരവാദിത്വമില്ലാത്ത നായകനും, അത് പോലെ സദ്ഗുണസമ്പന്നരായ കൂട്ടുകാരും , അവർ കടന്നു പോകുന്ന സാഹചര്യങ്ങളും മറ്റും രസച്ചരട് പൊട്ടാതെ തന്നെ അവതരിപ്പിച്ചിട്ടുണ്ട് സംവിധായകൻ. ആദ്യ പകുതിയിൽ കുറെയേറെ ചിരിക്കാനുണ്ട്, എൻജിനിയറിംഗ് പഠിച്ചവർക്ക് കുറച്ചധികം റിലേറ്റ് ചെയ്യാനും കഴിയും. സപ്പ്ളി ഡയലോഗുകൾക്കൊക്കെ കിട്ടിയ നല്ല കയ്യടി അത് സൂചിപ്പിക്കുന്നു. രണ്ടാം പകുതി ഒരു ചിന്ന ത്രില്ലർ പോലൊക്കെ തോന്നിയെങ്കിലും ഇടയ്ക്കിടെ ചിരിക്കാനും വക നൽകുന്നു. ഓർത്തിരിക്കുന്ന തമാശകൾ കുറവാണെങ്കിലും, ആ ഒരു മൊമെന്റിൽ നമ്മൾ ആസ്വദിച്ചു ചിരിക്കും. പതിവ് തലശ്ശേരി സ്ലാങ്ങും, കമ്മ്യൂണിസവും പാകത്തിനുണ്ടാരുന്നു.

ഗോളുകൾ കൊടുത്തും വാങ്ങിയുമുള്ള അഭിനയ ശൈലി, നിവിൻ പോളിയെ പഴയ ലാലേട്ടനെ പോലെ തോന്നിപ്പിക്കുന്നു (അഭിനയത്തിന്റെ ലെവൽ അല്ല ഉദ്ദേശിച്ചത്). സിനിമയിൽ പ്രേക്ഷകന്റെ ആരൊക്കെയോ ആന്നെന്നു തോന്നിപ്പിച്ച  ഒരേയൊരു കഥാപാത്രവും നിവിന്റെ ഉമേഷ്‌ ആയിരുന്നു. അത് കുറെയൊക്കെ ആ നടന്റെ കഴിവ് തന്നെയാണ്. അജു സ്ഥിരം പ്രകടനം തന്നെയായിരുന്നു, പലരും പറഞ്ഞത് പോലെ വെറുപ്പിച്ചു എന്നൊന്നും എനിക്ക് തോന്നിയില്ല. നീരജ് കിടിലം ആയിരുന്നു. നായിക അത്ര പോര, ചിലപ്പോൾ ഇനി വരുന്ന പടങ്ങളിൽ മെച്ചപ്പെടുവായിരിക്കും.  വിനീത് ബുദ്ധിമാനായ എഴുത്തുകാരനാണ്‌. തട്ടത്തിൻ മറയത്ത്, മലർവാടി അച്ചിൽ വാർത്ത മറ്റൊരു സംഭവം ആണിതും. പക്ഷെ, നല്ല engaging ആയി കൊണ്ട് പോയി. അത് പോലെ, അദ്ദേഹം നല്ല ഒരു പാട്ടുകാരനും, സംവിധായകനും ഒക്കെയാണ്, പക്ഷെ അഭിനയം...അത് അത്ര അങ്ങട് വേണോ?
സംഗീതവും പശ്ചാത്തല സംഗീതവും നന്നായി എന്നാണെന്റെ അഭിപ്രായം. ക്യാമറയും നന്നായി,  പ്രത്യേകിച്ച് കഥ കേരളം കടന്നപ്പോൾ.

തമിഴ് സിനിമകൾക്ക് കയ്യടിക്കുന്നവർ തന്നെയാണ് ഈ സിനിമയിലെ ലോജിക്കിനേയും ട്വിസ്ടിനെയും കുറ്റം പറയുന്നതെന്ന് ഓർത്തപ്പോ പുച്ഛം തോന്നിപ്പോയി. സിനിമ മുഴുവനും പ്രേക്ഷകന് ആസ്വദിക്കാനുള്ള വിഭവങ്ങളുണ്ട്, അക്കാര്യത്തിൽ ഈ 'സെൽഫി' വിജയിച്ചിരിക്കുന്നു. പ്രേക്ഷകന്റെ പൾസ്‌ അറിഞ്ഞു കൊണ്ട് വിജയം കൊയ്യുന്ന ഈ മലർവാടി കൂട്ടം ഇത്തവണയും അത് ആവർത്തിക്കുന്നു. പക്ഷെ, അടുത്ത തവണ ഒന്ന് മാറ്റി പിടിക്കുന്നത് നന്നായിരിക്കും.

വാൽ: ഉണ്ണി മുകുന്ദന്റെ കരിയർ ബെസ്റ്റ് അഭിനയ പ്രകടനം! സോ നാച്ചുറൽ!

Friday, March 27, 2015

ശരിയും തെറ്റും

ശരിയും തെറ്റും

എന്താണ് ശരി? എന്താണ് തെറ്റ് ?
ഒരാൾ ചെയ്യുന്ന ശരി, മറ്റൊരാൾക്ക് തെറ്റായിരിക്കാം.
കാഴ്ചപ്പാടുകളാണ് ശരിയും തെറ്റും നിർണയിക്കുന്നത്. ഒന്നുകിൽ ഈ ലോകത്ത് ശരികൾ മാത്രമേ ഉള്ളു. അല്ലെങ്കിൽ, തെറ്റുകൾ മാത്രം.

ഏതോ മഹാൻ പറഞ്ഞത് പോലെ, ശരികളുടെയും തെറ്റുകളുടെയും ഇടയിലുള്ള സ്വാതന്ത്ര്യത്തിന്റെ ആ പുൽത്തകിടിയാണ് എനിക്കിഷ്ടം.

ചിലപ്പോൾ, അതായിരിക്കും ശരി.

Thursday, March 26, 2015

ഹണ്ടർർർ



'സെക്സ് അടിക്ഷൻ' വിഷയമാക്കി അധികം സിനിമകൾ ഇന്ത്യയിൽ ഇറങ്ങിയിട്ടുണ്ടോ എന്നറിയില്ല.  പക്ഷെ,  'ഹണ്ടർർർ' ആ വിഷയത്തിലേക്കുള്ള ഒരു ഒളിഞ്ഞു നോട്ടമാണ്. സംഭവം കാര്യമായി സിനിമയിൽ ചർച്ച ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാൽ, "ഇത് ബോളിവുഡ് ആണ് മാഷെ...ഇവിടെ ഇത്രയൊക്കെ കിട്ടുന്നത് തന്നെ ഭാഗ്യം!" എന്നേ പറയാനുള്ളൂ. ഒരു സണ്ണി ലിയോണ്‍ ലെവലിൽ ഉള്ള സിനിമ പ്രതീക്ഷിച്ചു ആരും പോകണമെന്നില്ല, അത്യാവശ്യം കഥയുള്ള , മോശമല്ലാത്ത ഒരു സിനിമയാണ് 'ഹണ്ടർർർ'.

കുട്ടികാലം മുതൽ ഈ കഥയിലെ നായകൻ അമിതമായ ലൈംഗിക ആസക്തിയുള്ള വ്യക്തിയാണ്. നായകൻറെ ആ ഒരു സ്വഭാവം പ്രേക്ഷകനിലേക്ക് എത്തിക്കാൻ അനാവശ്യമായ യാതൊരു അശ്ലീല രംഗങ്ങളും സംവിധായകൻ കുത്തി നിറച്ചിട്ടില്ല. കപട പ്രേമവും, ചതിയും , പരിഭ്രമങ്ങളും പിന്നെ പ്രണയവും എല്ലാം നന്നായി തന്നെ ചെയ്തിട്ടുണ്ട്. സൈഡ് ട്രാക്കായി നല്ലൊരു സൗഹൃദവും കാട്ടി തരുന്നുണ്ട്. 'ഗ്രാൻഡ്‌ മസ്തി' എന്ന സിനിമയിൽ കേട്ടത് പോലുള്ള തറ തമാശകൾ ഇതിലില്ല.  എന്നാൽ,എരിവും പുളിയുമുള്ള തമാശകൾ ധാരാളമുണ്ട് താനും. പാട്ടുകൾ ആവശ്യത്തിനു മാത്രം ചേർത്തിരിക്കുന്നു. ആദ്യ പകുതിയിൽ സൂപ്പർ സ്പീഡിൽ പോയ സിനിമ രണ്ടാം പകുതിയിൽ അല്പം ഇഴഞ്ഞാണ് പോകുന്നത്. നായകൻ നല്ല നടപ്പ്കാരൻ  ആയി മാറുന്നത് അല്പം കൂടി കണ്‍വിൻസിങ്ങ് ആയി കാണിക്കാമായിരുന്നു എന്നാണു എന്റെയൊരു ഇത്.

'ഹേറ്റ് സ്റ്റോറി', 'റാം ലീല' തുടങ്ങിയ സിനിമകളിൽ നല്ല പ്രകടനം കാഴ്ച വെച്ച ഗുൽഷൻ ദേവൈയ്യ ഈ സിനിമയിലും അതി ഗംഭീരമായ പ്രകടനം ആയിരുന്നു. മുഖത്തെ മാനരിസങ്ങളിലൂടെ അദ്ദേഹം കഥാപാത്രത്തിന്റെ shades നന്നായി തന്നെ ആവിഷ്കരിച്ചു. രാധിക ആപ്തെയും നല്ല നിലവാരം പുലർത്തി. അനാവശ്യ തമാശകളും, അനാവശ്യ രംഗങ്ങളും ഒഴിവാക്കിയ സംവിധായകനും തിരക്കധാകൃത്തിനും നന്ദി.

റിയലിസ്റ്റിക് (അത്യാവശ്യം) ആയി ഇങ്ങനെയൊരു തീം അടിസ്ഥാനമാക്കി കഥ പറഞ്ഞ സംവിധായകന് അഭിനന്ദനങ്ങൾ. ഫാമിലി ആയിട്ട് എന്തായാലും ഈ സിനിമക്ക് പോകരുത്. സുഹൃത്തുക്കൾക്കൊപ്പം ആസ്വദിച്ചു കാണാവുന്ന ഒരു ഫീൽ ഗുഡ് എന്റർറ്റൈനർ. പക്ഷെ, സിനിമ ചർച്ച ചെയ്യുന്ന വിഷയങ്ങളും കാണാതെ പോകരുത്.

വാൽ: സ്ത്രീ വിരുദ്ധതയാണോ എന്നറിയില്ല. ഈ സിനിമയിലും പെണ്ണ് ഒരു 'ഐറ്റം' ആയി ആണ് ചിത്രീകരിക്കപ്പെടുന്നത്. വിഷയം ആവശ്യപ്പെട്ടത് കൊണ്ടാകാം, എന്നാലും.....

Sunday, March 22, 2015

100 ഡെയ്സ് ഓഫ് ലവ്



പ്രണയം എന്ന വിഷയത്തെ ചൂഷണം ചെയ്ത് ഒരുപാട് സിനിമകൾ ഇവിടെ ഉണ്ടായിട്ടുണ്ട്. പ്രേമം ഇല്ലാത്ത സിനിമകൾ കുറവാണ്, ഒന്നുകിൽ പ്രധാന കഥ, അല്ലെങ്കിൽ സൈഡ് ട്രാക്ക്...അങ്ങനെ ബോബനും മോളിയിലെ  പട്ടിയെ പോലെ ഏതാണ്ട് എല്ലാ സിനിമകളിലും 'പ്രണയം' മുഖം കാണിക്കാറുണ്ട്.  '100 ഡെയ്സ് ഓഫ് ലവ്' എന്ന സിനിമയും ചർച്ച ചെയ്യുന്നത് അതെ വിഷയം തന്നെ. പുതുമയൊന്നുമില്ലാത്ത ഒരു തീം, പക്ഷെ വളരെ നന്നായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. പ്രണയം ഒരു 'ബല്ലാത്ത' സംഭവം ആണെന്ന് കണ്ടും, കേട്ടും, വായിച്ചും, ജീവിച്ചും അറിഞ്ഞ ഒരാളെന്ന നിലയ്ക്ക് , എനിക്കീ സിനിമ പലരും പറഞ്ഞത് പോലെ മോശമായി തോന്നിയില്ല.

ഈ ലോകത്ത് രണ്ടു തരം  പ്രണയങ്ങൾ ഉണ്ട്. ചിലർ തലച്ചോറ് കൊണ്ട് പ്രണയിക്കും, മറ്റു ചിലർ ഹൃദയം കൊണ്ടും. ഈയൊരു സംഭവമാണ് ഈ സിനിമയുടെ ഹാർട്ട് ബീറ്റ്. ഒരുപാട് ക്ലീഷേകൾ ഉണ്ടെങ്കിലും, ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിച്ചവർക്ക് തങ്ങളുമായി റിലേറ്റ് ചെയ്യാൻ കഴിയുന്ന ഒരു പിടി സംഭവങ്ങൾ ഈ സിനിമയെ മോശമല്ലാത്ത അനുഭവമാക്കുന്നു. യാദൃശ്ചികമായ കണ്ടു മുട്ടൽ, നായികയ്ക്കായുള്ള തിരച്ചിൽ, സ്ഥിരം 'ശശി' ടൈപ്പ് വില്ലൻ, പിന്നെ 'ശുഭം' ക്ലൈമാക്സ്‌...അങ്ങനെ എല്ലാം പ്രതീക്ഷിക്കുന്നത് തന്നെ. പക്ഷെ, നല്ല ചില രംഗങ്ങൾ, സംഭാഷണങ്ങൾ, തമാശകൾ, പാട്ടുകൾ...ഇതെല്ലാം സിനിമയെ തളര്ത്താതെ മുന്നോട്ടു കൊണ്ട് പോകുന്നു.

ദുൽഖർ സൽമാൻ, അല്പം ടൈപ്പ് ആയി പോകുന്നോ എന്ന സംശയം ഉണ്ടെങ്കിലും, വളരെ മനോഹരമായ പ്രകടനമാണ് അദ്ദേഹം ഇതിൽ കാഴ്ച വെച്ചിരിക്കുന്നത്. ഒരു പെർഫെക്റ്റ്‌ റൊമാന്റിക് ഹീറോ തന്നെയെന്നു (വീണ്ടും) തെളിയിച്ചിരിക്കുന്നു. പക്ഷെ, മാറ്റി പിടിക്കണം എന്നാണെന്റെ അഭിപ്രായം. ശേഖർ മേനോനും നല്ല പെർഫോമൻസ് ആയിരുന്നു. 'ഗാങ്ങ്സ്റ്റർ' ദുരന്തത്തിൽ നിന്നും ഒരു ആശ്വാസമായിരിക്കും പുള്ളിക്കീ റോൾ. നിത്യ മേനോൻ ...പതിവ് പോലെ തന്റെ ചെറിയ (ക്ലീഷേ) റോൾ ഭംഗിയാക്കി. കാര്യമെന്തൊകെയായാലും, ആ ചിരി...ഹോ! രണ്ടാം പകുതിയിലെ ലാഗ്, സംവിധായകന്റെ പരിചയക്കുറവു കാരണം സംഭാവിച്ചതാകാം, എന്നിരുന്നാലും തന്റെ കന്നി സിനിമ എന്ന നിലയിൽ സംവിധായകൻ അഭിനന്ദനം അർഹിക്കുന്നു. നല്ല ക്യാമറ വർക്ക്. പലരും പറഞ്ഞ പോലെ പാട്ടുകൾ മോശമായി എനിക്ക് തോന്നിയില്ല.

പ്രണയ സിനിമകളെ പുച്ചിക്കുന്നവർക്കും, 'ബുദ്ധി' കൊണ്ട് പ്രണയിക്കുന്നവർക്കും ഈ സിനിമ ഇഷ്ടപ്പെടാൻ സാധ്യതയില്ല. പിന്നെ, ഉദാത്തമായ ഒരു പ്രണയ സിനിമയാണെന്നും കരുതിയും ഈ സിനിമക്ക് ടിക്കറ്റ് എടുക്കരുത്. പ്രണയിനികൾ ഉള്ളവരേക്കാൾ ഈ സിനിമ ഇഷ്ടപ്പെടാൻ സാധ്യത, കാമുകിമാരാൽ തേയ്ക്കപ്പെട്ടവർക്കാണ്. ഒരു ഫീൽ ഗുഡ് ലവ് മൂവി കാണാൻ ആഗ്രഹമുണ്ടെങ്കിൽ, ഹൃദയം കൊണ്ട് ചിന്തിക്കൂ, ടിക്കറ്റ് എടുക്കൂ.

വാൽ: 'ജീവിതത്തിൽ പെർഫെക്റ്റ്‌ ആയ ഒരു കൂട്ട് ഒരിക്കലെ കിട്ടൂ. ആ അവസരം നഷ്ടപ്പെടുത്തിയാൽ, ജീവിതകാലം മുഴുവൻ നാം ചിരിക്കുമ്പോഴും ഉള്ളിൽ കരയേണ്ടി വരും.'

Tuesday, March 17, 2015

NH 10



മരണത്തെ മുഖാമുഖം കാണുമ്പോൾ ഒന്നുകിൽ മരണത്തെ ഓടിതോൽപ്പിക്കാൻ ശ്രമിക്കാം, അല്ലെങ്കിൽ, പൊരുതിതോൽപ്പിക്കാൻ ശ്രമിക്കാം. അനുഷ്ക ശർമയുടെ 'NH 10' ആവിഷ്കരിക്കുന്നത് ഈയൊരു അവസ്ഥയാണ്. 'NH 10' നിങ്ങൾക്ക് നൽകുന്നത് വിനോദമല്ല...മറിച്ച്, ചില അപ്രിയ സത്യങ്ങളുടെ ക്രൂരതയുടെ ചിത്രങ്ങളാണ്. സിനിമ കണ്ടിറങ്ങിക്കഴിഞ്ഞും നിങ്ങളെ വേട്ടയാടുന്ന ചില ചിന്തകളാണ്. 'NH 10' എന്ത് കൊണ്ടും നല്ലൊരു ശ്രമമാണ്, ബോളിവുഡിന്റെ ബഹളമയമായ ലോകത്തിൽ.

ഇതൊരു 'സ്ലാഷർ റോഡ്‌ മൂവി' ആണ്. ഒരു പക്ഷെ, ഇന്ത്യയിൽ തന്നെ ആദ്യത്തേത്. ഒരു റൊമാന്റിക്ക് വീക്കെണ്ട് ആഘോഷിക്കാൻ യാത്ര പുറപ്പെടുന്ന ദമ്പതികളും, അവർ വഴിയിൽ മറ്റൊരു സംഘത്താൽ നേരിടുന്ന പ്രശ്നങ്ങളുമാണ് 'NH 10'. 2008 -ൽ ഇറങ്ങിയ 'ഈഡൻ ലേക്ക്' എന്ന ഇംഗ്ലീഷ് ചിത്രവുമായി ഒരു സാമ്യമുണ്ട് ഈ സിനിമയുടെ തീമിനും. എന്നിരുന്നാലും, വളരെ മനോഹരമായി തന്നെ ഇന്ത്യൻ സാഹചര്യങ്ങളിലേക്ക്, ആ തീം പറിച്ചു നട്ടിട്ടുണ്ട്. ഒരുപാട് ചോരയില്ലാതെ തന്നെ വയലൻസ് ചിത്രീകരിച്ചിരിക്കുന്നു. അഭിമാനഹത്യ, സ്ത്രീവിരുദ്ധത, സ്ത്രീസുരക്ഷ തുടങ്ങി ഒരു പിടി സാമൂഹിക വിഷയങ്ങൾ കൂടി ഈ സിനിമ  ചെയ്യുന്നുണ്ട്. ജാതിയും അത് തീർക്കുന്ന മതിലുകളും ഇപ്പോഴും എത്ര മാത്രം ശക്തമായി ഈ മഹാരാജ്യത്തുണ്ട് എന്നും ഈ സിനിമ ഓർമിപ്പിക്കുന്നു.

അനുഷ്ക ശർമയുടെ ഇത് വരെയുള്ള ചിത്രങ്ങളിൽ ഏറ്റവും മികച്ചത് ഈ സിനിമയിലെ 'മീര' തന്നെ. ഒരു ഭാര്യയുടെ കുസൃതിയും, ഒരു ഉദ്യോഗസ്ഥയുടെ ഗൗരവവും, ഒരു സാധാരണ സ്ത്രീയുടെ നിസ്സഹായാവസ്ഥയും, സാഹചര്യങ്ങളാൽ ധൈര്യം സംഭരിച്ചുള്ള പോരാട്ടവും എല്ലാം അനുഷ്കയുടെ കയ്യിൽ ഭദ്രം. ഇങ്ങനെയൊരു സിനിമ നിർമ്മിക്കാനും മുന്നോട്ട് വന്ന അനുഷ്കയ്ക്ക് ഒരു സല്യുട്ട്. നീൽ ഭൂപാളവും ദർശൻ കുമാറും മികച്ച പ്രകടനം കാഴ്ച വെച്ചു. ഒട്ടും ബോറടിപ്പിക്കാത്ത, നല്ല പേസിലുള്ള സ്ക്രിപ്ടിംഗ്. കയ്യൊതുക്കമുള്ള സംവിധാനം. ത്രില്ലിംഗ് ബാക്ക്ഗ്രൌണ്ട് മ്യുസിക്. എടുത്തു പറയേണ്ട മറ്റൊരു കാര്യം, ഏതാണ്ട് 90% സിനിമയും രാത്രിയിലാണ് നടക്കുന്നത്. അത്, യാതൊരു കൃത്രിമത്വവും തോന്നാത്ത വിധം ചെയ്തിരിക്കുന്നു. ഹാറ്റ്സ് ഓഫ്‌ .

'NH 10' കണ്ടിറങ്ങുമ്പോ മനസ്സിന് ഒരു വല്ലാത്ത ഭാരമുണ്ടായിരുന്നു. അത് ഈ സിനിമയുടെ വിജയമാണെന്ന് ഞാൻ കരുതുന്നു. ഇങ്ങനെയൊരു ശ്രമം സിനിമയെ സ്നേഹിക്കുന്നവർ പ്രോത്സാഹിപ്പിക്കണം, അത് കൊണ്ട് തന്നെ DVD ഇറങ്ങിക്കഴിഞ്ഞു വാഴ്ത്താൻ നിൽക്കാതെ, തിയറ്ററിൽ തന്നെ പോയി കാണണം എന്നാണെന്റെ അഭ്യർത്ഥന.

വാൽ:   സ്ത്രീയുടെ നോട്ടത്തെ തന്നെ നിയന്ത്രിക്കുന്ന ഒരു പുരുഷ സമൂഹം ഇന്ത്യയിലുണ്ട്. അവർക്കുള്ള ശക്തമായ ഒരു താക്കീത് ഈ സിനിമയിലെ ഒരു സീനിലുണ്ട്. കിടു!

Sunday, March 8, 2015

സ്വതന്ത്രൻ

ഞാൻ സ്വതന്ത്രനല്ല

ഇവിടെ വാക്കുകൾക്കും ചിന്തകൾക്കും വിലങ്ങു വീഴുന്നു...
ഞാൻ സ്വതന്ത്രനല്ല

ഇവിടെ പേന പടവാളല്ല...പേനയുടെ കഴുത്തിന്‌ വാൾ വീഴുന്നു  ...
ഞാൻ സ്വതന്ത്രനല്ല

ഇവിടെ ഒരു ദൈവത്തെ വിളിച്ചാൽ മറ്റൊരു ദൈവത്തിന്റെ ആൾക്കാർ കൊലക്കത്തി വീശുന്നു...
ഞാൻ സ്വതന്ത്രനല്ല

ഇവിടെ പ്രണയത്തിനു മുകളിൽ മതവും ജാതിയും ജാതകവും ദ്രംഷ്ടകൾ കാട്ടി ചിരിക്കുന്നു...
ഞാൻ സ്വതന്ത്രനല്ല

ഇവിടെ നേരായ വാർത്തകൾ കാണുന്നില്ല...നേരില്ലാത്ത വാർത്തകൾ സൃഷ്ട്ടിക്കപ്പെടുന്നു...
ഞാൻ സ്വതന്ത്രനല്ല

1947 ആഗസ്റ്റ്‌ 15ന് നാം സ്വതന്ത്രരായി എന്നു നാം അഭിമാനിക്കുന്നു. ശരിക്കും നമ്മൾ സ്വതന്ത്രരായോ?

അന്ന് അധിനിവേശ ശക്തികളുടെ മേലാളന്മാരുടെ മുന്നിൽ നാം മുതുകു വളച്ചു നിന്നു...
ഇന്ന് , നമ്മൾ തന്നെ തിരഞ്ഞെടുക്കുന്ന, നമ്മളുടെ തന്നെ പ്രതിനിധിയുടെ മുന്നിൽ നാം കൈ കൂപ്പുന്നു...എഴുന്നേറ്റു നിൽക്കുന്നു..

നമ്മൾ സ്വതന്ത്രരായോ?

സ്വാതന്ത്ര്യം എന്ന വാക്കിന്റെ അർഥം എന്ന് വ്യക്തമാകുന്നുവോ, അന്ന് നമ്മൾ സ്വതന്ത്രരാവും.

അത് വരെ ഞാൻ സ്വതന്ത്രനല്ല...നാം സ്വതന്ത്രരല്ല !

Wednesday, March 4, 2015

കിങ്ങ്സ്മാൻ: ദി സീക്രട്ട് സർവീസ്



'Manners maketh Man' ! ഒരു മനുഷ്യന്റെ വ്യക്തിത്വ നിർമിതി അവൻ എങ്ങനെ സാഹചര്യങ്ങളോട് പെരുമാറുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും. ഈയൊരു 'പഞ്ച് ലൈൻ' ഈ സിനിമയിൽ പ്രത്യക്ഷമായി വലിയ ബന്ധങ്ങൾ ഒന്നും വെയ്ക്കുന്നില്ലെങ്കിലും, പരോക്ഷമായി 'കിങ്ങ്സ്മാൻ: ദി സീക്രട്ട് സർവീസ് ' എന്ന സിനിമയുടെ തീം ആണെന്ന് തന്നെ പറയാം. തുടക്കം മുതൽ ഒടുക്കം വരെ ഒരു ക്ലീൻ എന്റർറ്റൈനർ ആണ് ഈ സിനിമ.

ഹാരി, എഗ്ഗ്സി എന്ന സീക്രട്ട് എജെന്റ്സ്. വാലെന്റൈൻ എന്ന മഹാകോടീശ്വരൻ. ലോകത്തെ തന്നെ ഇല്ലാതാക്കാൻ കഴിവുള്ള ഒരു ടെക്ക്നോളോജി. ഈ മൂന്നു ബിന്ദുക്കളിൽ ചുറ്റിയാണ്‌ ഈ സിനിമ. ഇതേ പോലുള്ള തീമുകൾ ഒരുപാട് ഹോളിവുഡിൽ തന്നെ വന്നതാണ്. പക്ഷെ, ഈ സിനിമയെ വ്യത്യസ്തമാക്കുന്നത് ഈ തീമിന്റെ ട്രീറ്റ്‌മെന്റാണ്. ഒരു സമ്പൂർണ ആക്ഷൻ ചിത്രത്തിൽ എങ്ങനെ കോമാളിതരമല്ലാത്ത കോമഡി കൊണ്ട് വരാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് 'കിങ്ങ്സ്മാൻ: ദി സീക്രട്ട് സർവീസ്'.

ഫിസിക്സ്‌ തോൽക്കുന്ന ആക്ഷൻ രംഗങ്ങൾ, പക്ഷെ വിശ്വസനീയമായ രീതിയിൽ അത് കാണിച്ചിരിക്കുന്നു. വളരെ ഫാസ്റ്റ് ആയ  ഫൈറ്റ് സീക്വൻസുകൾ ക്യാപ്ച്ചർ ചെയ്തിരിക്കുന്നത് കിടിലമാണ്. കോളിൻ ഫിർത്, സാമുവേൽ ജാക്ക്സണ്‍ എന്നിവർ തകർത്തു. പയ്യനായ പുതുമുഖം ടാരോണ്‍ എഗെർട്ടൻ കിടുക്കി കളഞ്ഞു. പശ്ചാത്തല സംഗീതം, സംഘട്ടനം, ആർട്ട് വർക്ക്‌ എന്നിവ മികച്ചു നിന്നു. നല്ല ഫാസ്റ്റ് സ്ക്രിപ്ടിംഗ്, ചടുലമായ സംവിധാനം.

ഇതൊരു നല്ല ആക്ഷൻ സിനിമക്കും നല്ലൊരു നായകനുപരി നല്ലൊരു വില്ലൻ വേണമെന്ന അടിസ്ഥാന പാഠം ഈ സിനിമയിലും പാലിച്ചിരിക്കുന്നു. ചിലയിടങ്ങളിലെ 'ലോജിക്' ഇല്ലാത്ത ചില സംഭവങ്ങൾ ഒഴിച്ചാൽ ഒരു കിടിലൻ എന്റർറ്റൈനർ ആണ് 'കിങ്ങ്സ്മാൻ: ദി സീക്രട്ട് സർവീസ്'. ഫണ്‍ ഫിൽഡ് ആക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്നവർ എന്തായാലും കണ്ടിരിക്കണം.

വാൽ: ലോകത്തിന്റെ അവസാനം എന്തായാലും മനുഷ്യർ തമ്മിലടിച്ചായിരിക്കും എന്ന് വീണ്ടും ഊന്നി പറയുന്ന മറ്റൊരു സിനിമ. പക്ഷെ, അതിനു ഇതിൽ പറയുന്ന ടെക്ക്നോളജി ഒന്നും വേണമെന്നില്ല. 'മതം' എന്ന സാധനം മാത്രം മതി.

Tuesday, March 3, 2015

കാക്കി സട്ടൈ (തമിഴ്)

"അവയവ ദാനം മഹാ ദാനം. എന്നാൽ, അവയവക്കടത്ത് മഹാ പാപം". ഈയൊരു തീം കുറെ വന്നിട്ടുള്ളതാണ്. അതേ ചട്ടിയിൽ ആവശ്യത്തിനു മസാലയിട്ട് വറുത്തെടുത്ത മറ്റൊരു തട്ടുപൊളിപ്പൻ തമിഴ് സിനിമയാണ് 'കാക്കി സട്ടൈ'. ഒരു സാധാരണക്കാരന്റെ ഹീറോയിസം , അല്പം അമാനുഷികതയോട് കൂടി കാണിച്ച കയ്യടി വാങ്ങുന്ന സിനിമകളുടെ ഗണത്തിൽ തന്നെ പെടുത്താം ഈ സിനിമയെ. പുതുതായി ഒന്നുമില്ലെങ്കിൽ തന്നെയും, പഴയതിനെ പുതുമോടിയിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് ഈ ചിത്രത്തിലൂടെ.

തന്റെ പതിമൂന്നാം വയസ്സിൽ കൊല്ലപ്പെട്ട തന്റെ അച്ഛനെപ്പോലെ നല്ലൊരു പോലീസ് ഇന്സ്പകടർ ആവണം എന്ന മോഹവുമായി , പോലീസ് ഫോർസിൽ കോണ്‍സ്റ്റബിൾ ആയി ജോലി നോക്കുന്ന നായകൻ. ഗതകാല പ്രതാപിയായ, എന്നാൽ ഇപ്പോൾ 'സേഫ്' കളിക്കുന്ന മേലുദ്യോഗസ്ഥൻ. സുന്ദരിയായ നേഴ്സ് കാമുകി, ആവശ്യത്തിനു സ്വന്തം കോമാളി ശിങ്കിടിയും, വില്ലന് അബദ്ധം പറ്റാൻ അവിടെയും ഒരു മണ്ടൻ ശിങ്കിടിയും. സ്ഥിരം പ്രണയ കഥയും ഒരു വശത്ത് കൂടി പോകുന്നുണ്ട്.  പിന്നെ,പുട്ടിനു പീര പോലെ പാട്ടുകളും. ഇടയ്ക്കിടയ്ക്ക് അടി-ഇടി-വെടി-പൊക. പിന്നെ, കുറെ പഞ്ച ഡയലോഗുകൾ (അജിത്‌, രജനി, വിജയ്‌, സൂര്യ---ഇവരെയൊക്കെ പല സ്ഥലത്തും ഉപയോഗിച്ചിട്ടുണ്ട്). എല്ലാം കഴിഞ്ഞു എല്ലാർക്കും അറിയാവുന്ന ക്ലൈമാക്സ്‌. ശുഭം.

ശിവകാർത്തികേയൻ എന്ന നടന്റെ മറ്റു സിനിമകൾ ഞാൻ കണ്ടിട്ടില്ലെങ്കിലും ചില യുട്യൂബ് വീഡിയോസിലൂടെ അദ്ദേഹം മോശമല്ലാത്ത ഒരു നടനാണെന്ന് തോന്നിയിട്ടുണ്ട്. ആ തോന്നൽ തെറ്റിയില്ല. 'കാക്കി സട്ടൈ ' പൂർണമായും ഒരു  ശിവകാർത്തികേയൻ 'സെലിബ്രെഷൻ' ആണ്. അദ്ദേഹത്തിന്റെ നർമവും, ആക്ഷനും, സ്റ്റൈലും എല്ലാം മാക്സിമം ഉപയോഗിച്ചിട്ടുണ്ട്. ഇനിയുള്ള സിനിമകളിൽ സെലെക്റ്റീവ് ആയി റോളുകൾ തിരഞ്ഞെടുത്താൽ തമിഴ് സിനിമക്ക് നല്ലൊരു നടനെ കിട്ടും. നായികയായ ശ്രീദിവ്യ സ്ഥിരം ആക്ഷൻ സിനിമകളിലെ നായികയെ പോലെ, പാട്ടുകളിൽ മാത്രമേ ഒരു നിറസാനിധ്യമായുള്ളു. വേറെ ആർക്കും അങ്ങനെ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. പടത്തിന്റെ വേഗത, പാട്ടുകളുടെ അതിപ്രസരം, ഇവയൊക്കെ സിനിമയുടെ ആസ്വാദനത്തെ നന്നായി തന്നെ ബാധിച്ചു. പക്ഷെ, അനിരുധിന്റെ പാട്ടുകൾ കേൾക്കാൻ രസമുണ്ടായിരുന്നു.

ചുരുക്കത്തിൽ, ഒരു തട്ടുപൊളിപ്പൻ തമിഴ് ആക്ഷൻ പടം കാണണമെങ്കിൽ  ഉറപ്പായിട്ടും ടിക്കറ്റ്‌ എടുക്കാം. അതല്ല , ക്ലാസ്സ്‌ മാത്രമേ ദഹിക്കൂ എന്നാണേൽ ഈ ഭാഗത്തേക്കേ നോക്കണ്ട. ഒരു കാര്യം പറയാം, ഇതിൽ പറക്കുന്ന കാറുകളും, 50 പേരെ ഇടിക്കുന്ന നായകനും, ശരീരവടിവ് കാണിക്കുന്ന നായികയും ഇല്ല. കണ്ടിരിക്കാവുന്ന ഒരു ആവറേജ് പടം. അത്രയേ ഉള്ളൂ.

വാൽ: സിനിമയുടെ അവസാന രംഗം ഒരു മുന്നറിയിപ്പാണ്. തമിഴ് സിനിമയുടെ അടുത്ത സൂപ്പർ താരം ആരെന്നതിനുള്ള മുന്നറിയിപ്പ്! 

Monday, March 2, 2015

വണ്‍ പാർട്ട് വുമണ്‍

വണ്‍ പാർട്ട് വുമണ്‍

പെരുമാൾ മുരുഗൻ എന്ന തമിഴ് സാഹിത്യകാരന്റെ ' മാധോരുഭാഗൻ' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ്  'വണ്‍ പാർട്ട് വുമണ്‍'. സാഹിത്യലോകത്ത് ഒരുപാട് പുരസ്കാരങ്ങളും അഭിനന്ദനങ്ങളും വാരിക്കൂട്ടിയ കൃതിയാണിത്. അത് പോലെ തന്നെ, സംഖികൾ ഒരുപാട് കത്തിച്ചു കൂട്ടിയ കൃതിയുമാണിത്.  പക്ഷെ,ഒരു തീവ്ര മത സംഘടനക്കും ജനമനസ്സുകളെ കീഴടക്കിയ ഒരു സാഹിത്യസൃഷ്ടിയെ, ചരിത്രത്തിൽ നിന്നും മായ്ച്ചു കളയാൻ സാധിക്കില്ല എന്നതാണ് ഈ പുസ്തകത്തിന്റെ ഇപ്പോഴുമുള്ള പ്രചാരം.

ഇതൊരു കാലഘട്ടത്തിന്റെ കഥയാണ്‌. ഏകദേശം 80 വർഷം പിന്നോട്ട് നടക്കണം, ഈ പുസ്തകത്തിലെ കഥ കാണാൻ. ആ കാലത്തിന്റെ ആചാരങ്ങളും, അന്ധവിശ്വാസങ്ങളും (വിശ്വാസങ്ങളും?) , പിന്നെ ഒരു ഭാര്യയും ഭർത്താവും തമ്മിലുള്ള തീവ്രമായ സ്നേഹവും...ഇതെല്ലാമാണ് ഈ കഥയുടെ കൂട്ടുകൾ. കാളിയും പൊന്നയും, ഇവരുടെ കുടുംബജീവിതത്തിലൂടെയാണ് കഥ ഇതൾ വിരിയുന്നത്. തമ്മിൽ ഒരുപാട് സ്നേഹമുണ്ടെങ്കിലും, ഒരു കുഞ്ഞില്ലാത്തത്തിന്റെ വിഷമം ഇവരുടെ ജീവിതത്തിൽ എന്നും ഒരു കരടായി നിൽക്കുന്നു. ഒരു കുട്ടിയെ ഉണ്ടാക്കാൻ കഴിവില്ലാതത്തിന്റെ പേരിൽ സമൂഹത്തിന്റെ കയ്യിൽ നിന്നും പരിഹാസത്തിന്റെയും സഹതാപത്തിന്റെയും ഒരുപാട് മുള്ളുകൾ ഈ ദമ്പതികൾ ഏറ്റുവാങ്ങുന്നുണ്ട്. ഒരുപാട് വഴിപാടുകളും കർമങ്ങളും വഴി ദൈവങ്ങളെ സന്തോഷിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഓരോ തവണയും നിരാശയായിരുന്നു ഫലം. തിരുച്ചങ്ങോട്  എന്ന ഗ്രാമത്തിലെ അർദ്ധനാരീശ്വര ക്ഷേത്രത്തിലെ രഥ മഹോത്സവത്തിലെ പതിനാലാം രാത്രിയിലെ ആചാരമാണ് ഇവരുടെ ജീവിതത്തിലെ അവസാനത്തെ ആശ്രയം. പക്ഷെ, അതവരുടെ സ്നേഹത്തിന്റെയും ദാമ്പത്യത്തിന്റെയും കടുത്ത പരീക്ഷണം കൂടിയായിരുന്നു.


പരിഭാഷപ്പെടുത്തിയ പുസ്തകമാണെങ്കിലും, വായനയിൽ അതൊരു കല്ലുകടിയായി ഒരിക്കലും തോന്നിയില്ല. കാളി-പൊന്ന ദമ്പതികളുടെ സ്നേഹവും, വിഷമങ്ങളും എല്ലാം ഭംഗിയായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒട്ടും ഭീകരമല്ലാത്ത ഭാഷയിൽ തന്നെ വിവരിച്ചിരിക്കുന്നു. ജീവിതത്തെ ഒരു പ്രതീക്ഷയായി കാണുന്നവരും, ജീവിതത്തെ കളിയായി കാണുന്നവരും, മറ്റുള്ളവരുടെ ജീവിതത്തെ നോക്കി കാണുന്നവരും...അങ്ങനെ ഒരുപാട് കഥാപാത്രങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ പുസ്തകം.ഒരുപാട് നാളത്തെ റിസർച് ഈ പുസ്തകത്തിന്റെ പിന്നിലുണ്ടെന്ന് വ്യക്തം.

ഹിന്ദു സ്ത്രീകളെ മോശമായി ചിത്രീകരിച്ചു എന്നും പറഞ്ഞു കൊണ്ട് ഈ പുസ്തകത്തിന്റെ ആയിരക്കണക്കിന് കോപ്പികൾ കത്തിച്ചു കളഞ്ഞ മത സംഘടനകൾ ഒരു 80 വർഷം പിന്നിലേക്ക് പോയൊന്നു നോക്കണം. അല്ല, പറഞ്ഞിട്ട് കാര്യമില്ല, വിവരമില്ലായ്മ ഒരു കുറ്റമല്ലല്ലോ. വിദ്യാഭ്യാസമില്ലാത്ത, വൈദ്യുതി ഇല്ലാത്ത, (അന്ധ)വിശ്വാസങ്ങൾ അരങ്ങുവാണിരുന്ന കാലഘട്ടത്തിലാണ് ഈ  കഥ നടക്കുന്നത്, അതു കൊണ്ട് തന്നെ ഒരു സാഹിത്യസൃഷ്ടി കത്തിക്കുന്നതിന് മുൻപ് അൽപം  ആലോചിക്കുന്നത് നന്ന്.

എന്ത് കൊണ്ടും വളരെ നല്ലൊരു വായനാനുഭവം തന്നെയാണ് 'വണ്‍ പാർട്ട് വുമണ്‍'. കഴിവതും വായിക്കാൻ ശ്രമിക്കുക. പിന്നെ, മതവ്രണത്തിന്റെ അസുഖമുള്ളവർ വായിക്കണമെന്നില്ല.

വാൽ: ഈ കഥ സിനിമ ആയിട്ടുണ്ടോ എന്നറിയില്ല. പക്ഷെ, ഒരു സിനിമയായി കാണാൻ ആഗ്രഹമുള്ള ഒരു കഥയാണിത്.

Sunday, March 1, 2015

അബ് തക് ഛപ്പൻ 2

അബ് തക് ഛപ്പൻ 2 (ഹിന്ദി)

നാനാ പട്ടേക്കർ എന്ന നടനെ വളരെയധികം ബഹുമാനിക്കുന്ന പ്രേക്ഷകരിൽ ഒരാളാണ് ഞാൻ. ബോളിവുഡിന്റെ ബഹളമയമായ സിനിമാ അന്തരീക്ഷത്തിൽ ഒഴുകി പോകാതെ , തന്റേതായ ഒരു ഇരിപ്പിടം സ്വന്തമാക്കിയ നടനാണ്‌ പട്ടേക്കർ. പക്ഷെ, അദ്ദേഹത്തിന് പോലും രക്ഷപ്പെടുത്താൻ പറ്റാത്ത അത്ര താഴെയാണ് ' അബ് തക് ഛപ്പൻ 2 ' എന്ന സിനിമയുടെ നിലവാരം.

ഈ സിനിമയുടെ ആദ്യ ഭാഗം ഞാൻ കണ്ടിട്ടില്ല. കണ്ടവർ പറഞ്ഞത് അത് നല്ലൊരു സിനിമയായിരുന്നു എന്നാണ്. ഈ സിനിമയും ആദ്യ ഭാഗവും തമ്മിൽ ചില്ലറ ചില ഫ്ലാഷ്ബാക്ക് സംഭവങ്ങൾ ഉണ്ടെന്നതൊഴിച്ചാൽ വലിയ ബന്ധമൊന്നുമില്ല. ഭാര്യ കൊല്ലപ്പെട്ടതിനു ശേഷം പോലീസ് ജീവിതത്തിൽ നിന്നും ഒഴിഞ്ഞു മാറി , മകന്റെയോപ്പം ദൂരെയൊരു ഗ്രാമത്തിൽ സാധാരണ ജീവിതം നയിക്കുന്ന നായകൻ. മുംബൈ നഗരത്തെ ഗുണ്ടകളിൽ നിന്നും രക്ഷിക്കാൻ ഇദ്ദേഹം അല്ലാതെ വേറെ ആരും ശെരിയാവില്ല എന്നും പറഞ്ഞു തിരിച്ചു വിളിക്കുന്ന ആഭ്യന്തര മന്ത്രി. പിന്നീടങ്ങോട്ട് നടക്കുന്ന 'നാടകീയ' സംഭവങ്ങളാണ് ഈ സിനിമ. ഒള്ളത് പറയാമല്ലോ, ക്ലീഷേകളുടെ ഒരു മാർജിൻ ഫ്രീ മാർക്കറ്റ് ആണീ സിനിമ. രണ്‍ജി പണിക്കരും ദാമോദരൻ മാഷും ഒക്കെ ഇത് പോലത്തെ സിനിമകൾ നമ്മുടെ മുന്നിൽ പണ്ടേ അവതരിപ്പിച്ചതാണ്. സിനിമ പത്ത് മിനിറ്റ് പിന്നിടുമ്പോഴെ ക്ലൈമാക്സ്‌ നമുക്ക് മനസ്സിലാവും. ട്വിസ്റ്റ്‌ ഇപ്പൊ വരും, ട്വിസ്റ്റ്‌ ഇപ്പൊ വരും എന്ന് നോക്കിയിരുന്നപ്പോ കിട്ടിയത് കുറെ വെടി ഉണ്ടകൾ മാത്രം. സിസ്റ്റം-പോലീസ്-അധോലോകം എന്ന ഈ ഒരു അവിയൽ കഥ കൊറേ കേട്ടിട്ടുള്ളതാണ്. അതും പോരാഞ്ഞിട്ട് , ഏതാണ്ടെല്ലാ സീനിലും 'സിസ്റ്റം, പോലീസ്, അധോലോകം' എന്ന് പറയുന്ന കഥാപാത്രങ്ങൾ.

ഈ സിനിമയുടെ ആകെയുള്ള ഒരു പ്ലസ്‌ പോയിന്റ്‌ നാനാ പട്ടേക്കർ തന്നെയാണ്. തന്റെ റോൾ 'കൂൾ' ആയി തന്നെ അദ്ദേഹം കൈകാര്യം ചെയ്തു. ബാക്കിയുള്ളവർക്കൊനും വലിയ സംഭവങ്ങൾ ഒന്നും ചെയ്യാനില്ല. ഒരു ഫ്ലോ ഇല്ലാത്ത സ്ക്രിപ്ടിംഗ്, കേട്ട് മടുത്ത ഡയലോഗുകൾ, ഒരേയൊരു ബാക്ക്ഗ്രൌണ്ട് മ്യുസിക്, പ്രതീക്ഷിച്ച പോലെയുള്ള ക്ലൈമാക്സ്‌! ചില സംഘട്ടന രംഗങ്ങളും , ക്യാമറാ ആങ്കിളുകളും നന്നായി.

'അബ് തക് ഛപ്പൻ ' ഒന്നാം ഭാഗം കണ്ടിട്ടുണ്ടെങ്കിൽ ഇത് കാണാൻ ഞാൻ പറയില്ല. പക്ഷെ, പതിവ് ബോളിവുഡ് ബഹളങ്ങളിൽ നിന്നും ഒരൽപം  മാറി സഞ്ചരിച്ച സിനിമയാണിത്. ഒരൽപം മാത്രം!

വാൽ : ജനങ്ങളെ ദ്രോഹിക്കുന്ന നേതാക്കളെ യുവ തലമുറ  'എൻകൌണ്ടർ' ചെയ്ത് കൊല്ലണം എന്നാണീ സിനിമ മുന്നോട്ടു വെയ്ക്കുന്ന സന്ദേശം. അതത്ര നല്ല സന്ദേശമാണോ എന്നത് ഒരു ചോദ്യചിഹ്നമാണ്.