പ്രണയം എന്ന വിഷയത്തെ ചൂഷണം ചെയ്ത് ഒരുപാട് സിനിമകൾ ഇവിടെ ഉണ്ടായിട്ടുണ്ട്. പ്രേമം ഇല്ലാത്ത സിനിമകൾ കുറവാണ്, ഒന്നുകിൽ പ്രധാന കഥ, അല്ലെങ്കിൽ സൈഡ് ട്രാക്ക്...അങ്ങനെ ബോബനും മോളിയിലെ പട്ടിയെ പോലെ ഏതാണ്ട് എല്ലാ സിനിമകളിലും 'പ്രണയം' മുഖം കാണിക്കാറുണ്ട്. '100 ഡെയ്സ് ഓഫ് ലവ്' എന്ന സിനിമയും ചർച്ച ചെയ്യുന്നത് അതെ വിഷയം തന്നെ. പുതുമയൊന്നുമില്ലാത്ത ഒരു തീം, പക്ഷെ വളരെ നന്നായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. പ്രണയം ഒരു 'ബല്ലാത്ത' സംഭവം ആണെന്ന് കണ്ടും, കേട്ടും, വായിച്ചും, ജീവിച്ചും അറിഞ്ഞ ഒരാളെന്ന നിലയ്ക്ക് , എനിക്കീ സിനിമ പലരും പറഞ്ഞത് പോലെ മോശമായി തോന്നിയില്ല.
ഈ ലോകത്ത് രണ്ടു തരം പ്രണയങ്ങൾ ഉണ്ട്. ചിലർ തലച്ചോറ് കൊണ്ട് പ്രണയിക്കും, മറ്റു ചിലർ ഹൃദയം കൊണ്ടും. ഈയൊരു സംഭവമാണ് ഈ സിനിമയുടെ ഹാർട്ട് ബീറ്റ്. ഒരുപാട് ക്ലീഷേകൾ ഉണ്ടെങ്കിലും, ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിച്ചവർക്ക് തങ്ങളുമായി റിലേറ്റ് ചെയ്യാൻ കഴിയുന്ന ഒരു പിടി സംഭവങ്ങൾ ഈ സിനിമയെ മോശമല്ലാത്ത അനുഭവമാക്കുന്നു. യാദൃശ്ചികമായ കണ്ടു മുട്ടൽ, നായികയ്ക്കായുള്ള തിരച്ചിൽ, സ്ഥിരം 'ശശി' ടൈപ്പ് വില്ലൻ, പിന്നെ 'ശുഭം' ക്ലൈമാക്സ്...അങ്ങനെ എല്ലാം പ്രതീക്ഷിക്കുന്നത് തന്നെ. പക്ഷെ, നല്ല ചില രംഗങ്ങൾ, സംഭാഷണങ്ങൾ, തമാശകൾ, പാട്ടുകൾ...ഇതെല്ലാം സിനിമയെ തളര്ത്താതെ മുന്നോട്ടു കൊണ്ട് പോകുന്നു.
ദുൽഖർ സൽമാൻ, അല്പം ടൈപ്പ് ആയി പോകുന്നോ എന്ന സംശയം ഉണ്ടെങ്കിലും, വളരെ മനോഹരമായ പ്രകടനമാണ് അദ്ദേഹം ഇതിൽ കാഴ്ച വെച്ചിരിക്കുന്നത്. ഒരു പെർഫെക്റ്റ് റൊമാന്റിക് ഹീറോ തന്നെയെന്നു (വീണ്ടും) തെളിയിച്ചിരിക്കുന്നു. പക്ഷെ, മാറ്റി പിടിക്കണം എന്നാണെന്റെ അഭിപ്രായം. ശേഖർ മേനോനും നല്ല പെർഫോമൻസ് ആയിരുന്നു. 'ഗാങ്ങ്സ്റ്റർ' ദുരന്തത്തിൽ നിന്നും ഒരു ആശ്വാസമായിരിക്കും പുള്ളിക്കീ റോൾ. നിത്യ മേനോൻ ...പതിവ് പോലെ തന്റെ ചെറിയ (ക്ലീഷേ) റോൾ ഭംഗിയാക്കി. കാര്യമെന്തൊകെയായാലും, ആ ചിരി...ഹോ! രണ്ടാം പകുതിയിലെ ലാഗ്, സംവിധായകന്റെ പരിചയക്കുറവു കാരണം സംഭാവിച്ചതാകാം, എന്നിരുന്നാലും തന്റെ കന്നി സിനിമ എന്ന നിലയിൽ സംവിധായകൻ അഭിനന്ദനം അർഹിക്കുന്നു. നല്ല ക്യാമറ വർക്ക്. പലരും പറഞ്ഞ പോലെ പാട്ടുകൾ മോശമായി എനിക്ക് തോന്നിയില്ല.
പ്രണയ സിനിമകളെ പുച്ചിക്കുന്നവർക്കും, 'ബുദ്ധി' കൊണ്ട് പ്രണയിക്കുന്നവർക്കും ഈ സിനിമ ഇഷ്ടപ്പെടാൻ സാധ്യതയില്ല. പിന്നെ, ഉദാത്തമായ ഒരു പ്രണയ സിനിമയാണെന്നും കരുതിയും ഈ സിനിമക്ക് ടിക്കറ്റ് എടുക്കരുത്. പ്രണയിനികൾ ഉള്ളവരേക്കാൾ ഈ സിനിമ ഇഷ്ടപ്പെടാൻ സാധ്യത, കാമുകിമാരാൽ തേയ്ക്കപ്പെട്ടവർക്കാണ്. ഒരു ഫീൽ ഗുഡ് ലവ് മൂവി കാണാൻ ആഗ്രഹമുണ്ടെങ്കിൽ, ഹൃദയം കൊണ്ട് ചിന്തിക്കൂ, ടിക്കറ്റ് എടുക്കൂ.
വാൽ: 'ജീവിതത്തിൽ പെർഫെക്റ്റ് ആയ ഒരു കൂട്ട് ഒരിക്കലെ കിട്ടൂ. ആ അവസരം നഷ്ടപ്പെടുത്തിയാൽ, ജീവിതകാലം മുഴുവൻ നാം ചിരിക്കുമ്പോഴും ഉള്ളിൽ കരയേണ്ടി വരും.'
No comments:
Post a Comment