Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Sunday, March 1, 2015

അബ് തക് ഛപ്പൻ 2

അബ് തക് ഛപ്പൻ 2 (ഹിന്ദി)

നാനാ പട്ടേക്കർ എന്ന നടനെ വളരെയധികം ബഹുമാനിക്കുന്ന പ്രേക്ഷകരിൽ ഒരാളാണ് ഞാൻ. ബോളിവുഡിന്റെ ബഹളമയമായ സിനിമാ അന്തരീക്ഷത്തിൽ ഒഴുകി പോകാതെ , തന്റേതായ ഒരു ഇരിപ്പിടം സ്വന്തമാക്കിയ നടനാണ്‌ പട്ടേക്കർ. പക്ഷെ, അദ്ദേഹത്തിന് പോലും രക്ഷപ്പെടുത്താൻ പറ്റാത്ത അത്ര താഴെയാണ് ' അബ് തക് ഛപ്പൻ 2 ' എന്ന സിനിമയുടെ നിലവാരം.

ഈ സിനിമയുടെ ആദ്യ ഭാഗം ഞാൻ കണ്ടിട്ടില്ല. കണ്ടവർ പറഞ്ഞത് അത് നല്ലൊരു സിനിമയായിരുന്നു എന്നാണ്. ഈ സിനിമയും ആദ്യ ഭാഗവും തമ്മിൽ ചില്ലറ ചില ഫ്ലാഷ്ബാക്ക് സംഭവങ്ങൾ ഉണ്ടെന്നതൊഴിച്ചാൽ വലിയ ബന്ധമൊന്നുമില്ല. ഭാര്യ കൊല്ലപ്പെട്ടതിനു ശേഷം പോലീസ് ജീവിതത്തിൽ നിന്നും ഒഴിഞ്ഞു മാറി , മകന്റെയോപ്പം ദൂരെയൊരു ഗ്രാമത്തിൽ സാധാരണ ജീവിതം നയിക്കുന്ന നായകൻ. മുംബൈ നഗരത്തെ ഗുണ്ടകളിൽ നിന്നും രക്ഷിക്കാൻ ഇദ്ദേഹം അല്ലാതെ വേറെ ആരും ശെരിയാവില്ല എന്നും പറഞ്ഞു തിരിച്ചു വിളിക്കുന്ന ആഭ്യന്തര മന്ത്രി. പിന്നീടങ്ങോട്ട് നടക്കുന്ന 'നാടകീയ' സംഭവങ്ങളാണ് ഈ സിനിമ. ഒള്ളത് പറയാമല്ലോ, ക്ലീഷേകളുടെ ഒരു മാർജിൻ ഫ്രീ മാർക്കറ്റ് ആണീ സിനിമ. രണ്‍ജി പണിക്കരും ദാമോദരൻ മാഷും ഒക്കെ ഇത് പോലത്തെ സിനിമകൾ നമ്മുടെ മുന്നിൽ പണ്ടേ അവതരിപ്പിച്ചതാണ്. സിനിമ പത്ത് മിനിറ്റ് പിന്നിടുമ്പോഴെ ക്ലൈമാക്സ്‌ നമുക്ക് മനസ്സിലാവും. ട്വിസ്റ്റ്‌ ഇപ്പൊ വരും, ട്വിസ്റ്റ്‌ ഇപ്പൊ വരും എന്ന് നോക്കിയിരുന്നപ്പോ കിട്ടിയത് കുറെ വെടി ഉണ്ടകൾ മാത്രം. സിസ്റ്റം-പോലീസ്-അധോലോകം എന്ന ഈ ഒരു അവിയൽ കഥ കൊറേ കേട്ടിട്ടുള്ളതാണ്. അതും പോരാഞ്ഞിട്ട് , ഏതാണ്ടെല്ലാ സീനിലും 'സിസ്റ്റം, പോലീസ്, അധോലോകം' എന്ന് പറയുന്ന കഥാപാത്രങ്ങൾ.

ഈ സിനിമയുടെ ആകെയുള്ള ഒരു പ്ലസ്‌ പോയിന്റ്‌ നാനാ പട്ടേക്കർ തന്നെയാണ്. തന്റെ റോൾ 'കൂൾ' ആയി തന്നെ അദ്ദേഹം കൈകാര്യം ചെയ്തു. ബാക്കിയുള്ളവർക്കൊനും വലിയ സംഭവങ്ങൾ ഒന്നും ചെയ്യാനില്ല. ഒരു ഫ്ലോ ഇല്ലാത്ത സ്ക്രിപ്ടിംഗ്, കേട്ട് മടുത്ത ഡയലോഗുകൾ, ഒരേയൊരു ബാക്ക്ഗ്രൌണ്ട് മ്യുസിക്, പ്രതീക്ഷിച്ച പോലെയുള്ള ക്ലൈമാക്സ്‌! ചില സംഘട്ടന രംഗങ്ങളും , ക്യാമറാ ആങ്കിളുകളും നന്നായി.

'അബ് തക് ഛപ്പൻ ' ഒന്നാം ഭാഗം കണ്ടിട്ടുണ്ടെങ്കിൽ ഇത് കാണാൻ ഞാൻ പറയില്ല. പക്ഷെ, പതിവ് ബോളിവുഡ് ബഹളങ്ങളിൽ നിന്നും ഒരൽപം  മാറി സഞ്ചരിച്ച സിനിമയാണിത്. ഒരൽപം മാത്രം!

വാൽ : ജനങ്ങളെ ദ്രോഹിക്കുന്ന നേതാക്കളെ യുവ തലമുറ  'എൻകൌണ്ടർ' ചെയ്ത് കൊല്ലണം എന്നാണീ സിനിമ മുന്നോട്ടു വെയ്ക്കുന്ന സന്ദേശം. അതത്ര നല്ല സന്ദേശമാണോ എന്നത് ഒരു ചോദ്യചിഹ്നമാണ്.

No comments:

Post a Comment