Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Tuesday, March 17, 2015

NH 10



മരണത്തെ മുഖാമുഖം കാണുമ്പോൾ ഒന്നുകിൽ മരണത്തെ ഓടിതോൽപ്പിക്കാൻ ശ്രമിക്കാം, അല്ലെങ്കിൽ, പൊരുതിതോൽപ്പിക്കാൻ ശ്രമിക്കാം. അനുഷ്ക ശർമയുടെ 'NH 10' ആവിഷ്കരിക്കുന്നത് ഈയൊരു അവസ്ഥയാണ്. 'NH 10' നിങ്ങൾക്ക് നൽകുന്നത് വിനോദമല്ല...മറിച്ച്, ചില അപ്രിയ സത്യങ്ങളുടെ ക്രൂരതയുടെ ചിത്രങ്ങളാണ്. സിനിമ കണ്ടിറങ്ങിക്കഴിഞ്ഞും നിങ്ങളെ വേട്ടയാടുന്ന ചില ചിന്തകളാണ്. 'NH 10' എന്ത് കൊണ്ടും നല്ലൊരു ശ്രമമാണ്, ബോളിവുഡിന്റെ ബഹളമയമായ ലോകത്തിൽ.

ഇതൊരു 'സ്ലാഷർ റോഡ്‌ മൂവി' ആണ്. ഒരു പക്ഷെ, ഇന്ത്യയിൽ തന്നെ ആദ്യത്തേത്. ഒരു റൊമാന്റിക്ക് വീക്കെണ്ട് ആഘോഷിക്കാൻ യാത്ര പുറപ്പെടുന്ന ദമ്പതികളും, അവർ വഴിയിൽ മറ്റൊരു സംഘത്താൽ നേരിടുന്ന പ്രശ്നങ്ങളുമാണ് 'NH 10'. 2008 -ൽ ഇറങ്ങിയ 'ഈഡൻ ലേക്ക്' എന്ന ഇംഗ്ലീഷ് ചിത്രവുമായി ഒരു സാമ്യമുണ്ട് ഈ സിനിമയുടെ തീമിനും. എന്നിരുന്നാലും, വളരെ മനോഹരമായി തന്നെ ഇന്ത്യൻ സാഹചര്യങ്ങളിലേക്ക്, ആ തീം പറിച്ചു നട്ടിട്ടുണ്ട്. ഒരുപാട് ചോരയില്ലാതെ തന്നെ വയലൻസ് ചിത്രീകരിച്ചിരിക്കുന്നു. അഭിമാനഹത്യ, സ്ത്രീവിരുദ്ധത, സ്ത്രീസുരക്ഷ തുടങ്ങി ഒരു പിടി സാമൂഹിക വിഷയങ്ങൾ കൂടി ഈ സിനിമ  ചെയ്യുന്നുണ്ട്. ജാതിയും അത് തീർക്കുന്ന മതിലുകളും ഇപ്പോഴും എത്ര മാത്രം ശക്തമായി ഈ മഹാരാജ്യത്തുണ്ട് എന്നും ഈ സിനിമ ഓർമിപ്പിക്കുന്നു.

അനുഷ്ക ശർമയുടെ ഇത് വരെയുള്ള ചിത്രങ്ങളിൽ ഏറ്റവും മികച്ചത് ഈ സിനിമയിലെ 'മീര' തന്നെ. ഒരു ഭാര്യയുടെ കുസൃതിയും, ഒരു ഉദ്യോഗസ്ഥയുടെ ഗൗരവവും, ഒരു സാധാരണ സ്ത്രീയുടെ നിസ്സഹായാവസ്ഥയും, സാഹചര്യങ്ങളാൽ ധൈര്യം സംഭരിച്ചുള്ള പോരാട്ടവും എല്ലാം അനുഷ്കയുടെ കയ്യിൽ ഭദ്രം. ഇങ്ങനെയൊരു സിനിമ നിർമ്മിക്കാനും മുന്നോട്ട് വന്ന അനുഷ്കയ്ക്ക് ഒരു സല്യുട്ട്. നീൽ ഭൂപാളവും ദർശൻ കുമാറും മികച്ച പ്രകടനം കാഴ്ച വെച്ചു. ഒട്ടും ബോറടിപ്പിക്കാത്ത, നല്ല പേസിലുള്ള സ്ക്രിപ്ടിംഗ്. കയ്യൊതുക്കമുള്ള സംവിധാനം. ത്രില്ലിംഗ് ബാക്ക്ഗ്രൌണ്ട് മ്യുസിക്. എടുത്തു പറയേണ്ട മറ്റൊരു കാര്യം, ഏതാണ്ട് 90% സിനിമയും രാത്രിയിലാണ് നടക്കുന്നത്. അത്, യാതൊരു കൃത്രിമത്വവും തോന്നാത്ത വിധം ചെയ്തിരിക്കുന്നു. ഹാറ്റ്സ് ഓഫ്‌ .

'NH 10' കണ്ടിറങ്ങുമ്പോ മനസ്സിന് ഒരു വല്ലാത്ത ഭാരമുണ്ടായിരുന്നു. അത് ഈ സിനിമയുടെ വിജയമാണെന്ന് ഞാൻ കരുതുന്നു. ഇങ്ങനെയൊരു ശ്രമം സിനിമയെ സ്നേഹിക്കുന്നവർ പ്രോത്സാഹിപ്പിക്കണം, അത് കൊണ്ട് തന്നെ DVD ഇറങ്ങിക്കഴിഞ്ഞു വാഴ്ത്താൻ നിൽക്കാതെ, തിയറ്ററിൽ തന്നെ പോയി കാണണം എന്നാണെന്റെ അഭ്യർത്ഥന.

വാൽ:   സ്ത്രീയുടെ നോട്ടത്തെ തന്നെ നിയന്ത്രിക്കുന്ന ഒരു പുരുഷ സമൂഹം ഇന്ത്യയിലുണ്ട്. അവർക്കുള്ള ശക്തമായ ഒരു താക്കീത് ഈ സിനിമയിലെ ഒരു സീനിലുണ്ട്. കിടു!

No comments:

Post a Comment