'അമ്മേ നാരായണ..നാരായണീ..അഹ്..എന്തെങ്കിലുമാവട്ടെ'
ഈയൊരു പ്രാർത്ഥനയോട് തന്നെ തുടങ്ങാമെന്ന് വെച്ചു. പൊങ്കാല വല്ലതും വന്നാൽ 'അമ്മ നാരായണി' നോക്കിക്കോളുമല്ലോ!. ആദ്യമേ പറയട്ടെ, ഉദാത്തമായ ഒരു സിനെമയോന്നുമല്ല 'ഒരു വടക്കൻ സെൽഫി'. പക്ഷെ, ഒരു 'ക്ലീൻ എന്റർറ്റൈനർ', അതാണീ സിനിമ. എൻജിനിയറിംഗ് വിദ്യാർഥികളുടെയും , നിവിമ്പോളിസം ആരാധകരുടെയും പൾസ് അറിഞ്ഞു കൊണ്ട് എറിഞ്ഞൊരു സിനിമയാണിത്. എന്തായാലും, തിയറ്റർ റെസ്പോണ്‍സ് വെച്ചും മറ്റു ഓണ്‍ലൈൻ അഭിപ്രായങ്ങളും വെച്ച് നോക്കുമ്പോ ഈ സെൽഫി 'ക്ലിക്ക്' ആയി എന്ന് തന്നെ വേണം കരുതാൻ.
എൻജിനിയറിംഗ് പഠിക്കുന്നവരെ ഉത്തരവാദിത്വമല്ലാത്ത ഒരു കൂട്ടമായി ചിത്രീകരിക്കുന്നത് ഒരു സ്ഥിരം ശൈലിയാണ് (അതൊരു പരിധി വരെ ശരിയാണെങ്കിൽ പോലും). അങ്ങനെ ഉത്തരവാദിത്വമില്ലാത്ത നായകനും, അത് പോലെ സദ്ഗുണസമ്പന്നരായ കൂട്ടുകാരും , അവർ കടന്നു പോകുന്ന സാഹചര്യങ്ങളും മറ്റും രസച്ചരട് പൊട്ടാതെ തന്നെ അവതരിപ്പിച്ചിട്ടുണ്ട് സംവിധായകൻ. ആദ്യ പകുതിയിൽ കുറെയേറെ ചിരിക്കാനുണ്ട്, എൻജിനിയറിംഗ് പഠിച്ചവർക്ക് കുറച്ചധികം റിലേറ്റ് ചെയ്യാനും കഴിയും. സപ്പ്ളി ഡയലോഗുകൾക്കൊക്കെ കിട്ടിയ നല്ല കയ്യടി അത് സൂചിപ്പിക്കുന്നു. രണ്ടാം പകുതി ഒരു ചിന്ന ത്രില്ലർ പോലൊക്കെ തോന്നിയെങ്കിലും ഇടയ്ക്കിടെ ചിരിക്കാനും വക നൽകുന്നു. ഓർത്തിരിക്കുന്ന തമാശകൾ കുറവാണെങ്കിലും, ആ ഒരു മൊമെന്റിൽ നമ്മൾ ആസ്വദിച്ചു ചിരിക്കും. പതിവ് തലശ്ശേരി സ്ലാങ്ങും, കമ്മ്യൂണിസവും പാകത്തിനുണ്ടാരുന്നു.
ഗോളുകൾ കൊടുത്തും വാങ്ങിയുമുള്ള അഭിനയ ശൈലി, നിവിൻ പോളിയെ പഴയ ലാലേട്ടനെ പോലെ തോന്നിപ്പിക്കുന്നു (അഭിനയത്തിന്റെ ലെവൽ അല്ല ഉദ്ദേശിച്ചത്). സിനിമയിൽ പ്രേക്ഷകന്റെ ആരൊക്കെയോ ആന്നെന്നു തോന്നിപ്പിച്ച ഒരേയൊരു കഥാപാത്രവും നിവിന്റെ ഉമേഷ് ആയിരുന്നു. അത് കുറെയൊക്കെ ആ നടന്റെ കഴിവ് തന്നെയാണ്. അജു സ്ഥിരം പ്രകടനം തന്നെയായിരുന്നു, പലരും പറഞ്ഞത് പോലെ വെറുപ്പിച്ചു എന്നൊന്നും എനിക്ക് തോന്നിയില്ല. നീരജ് കിടിലം ആയിരുന്നു. നായിക അത്ര പോര, ചിലപ്പോൾ ഇനി വരുന്ന പടങ്ങളിൽ മെച്ചപ്പെടുവായിരിക്കും. വിനീത് ബുദ്ധിമാനായ എഴുത്തുകാരനാണ്. തട്ടത്തിൻ മറയത്ത്, മലർവാടി അച്ചിൽ വാർത്ത മറ്റൊരു സംഭവം ആണിതും. പക്ഷെ, നല്ല engaging ആയി കൊണ്ട് പോയി. അത് പോലെ, അദ്ദേഹം നല്ല ഒരു പാട്ടുകാരനും, സംവിധായകനും ഒക്കെയാണ്, പക്ഷെ അഭിനയം...അത് അത്ര അങ്ങട് വേണോ?
സംഗീതവും പശ്ചാത്തല സംഗീതവും നന്നായി എന്നാണെന്റെ അഭിപ്രായം. ക്യാമറയും നന്നായി, പ്രത്യേകിച്ച് കഥ കേരളം കടന്നപ്പോൾ.
തമിഴ് സിനിമകൾക്ക് കയ്യടിക്കുന്നവർ തന്നെയാണ് ഈ സിനിമയിലെ ലോജിക്കിനേയും ട്വിസ്ടിനെയും കുറ്റം പറയുന്നതെന്ന് ഓർത്തപ്പോ പുച്ഛം തോന്നിപ്പോയി. സിനിമ മുഴുവനും പ്രേക്ഷകന് ആസ്വദിക്കാനുള്ള വിഭവങ്ങളുണ്ട്, അക്കാര്യത്തിൽ ഈ 'സെൽഫി' വിജയിച്ചിരിക്കുന്നു. പ്രേക്ഷകന്റെ പൾസ് അറിഞ്ഞു കൊണ്ട് വിജയം കൊയ്യുന്ന ഈ മലർവാടി കൂട്ടം ഇത്തവണയും അത് ആവർത്തിക്കുന്നു. പക്ഷെ, അടുത്ത തവണ ഒന്ന് മാറ്റി പിടിക്കുന്നത് നന്നായിരിക്കും.
വാൽ: ഉണ്ണി മുകുന്ദന്റെ കരിയർ ബെസ്റ്റ് അഭിനയ പ്രകടനം! സോ നാച്ചുറൽ!
No comments:
Post a Comment