'സെക്സ് അടിക്ഷൻ' വിഷയമാക്കി അധികം സിനിമകൾ ഇന്ത്യയിൽ ഇറങ്ങിയിട്ടുണ്ടോ എന്നറിയില്ല. പക്ഷെ, 'ഹണ്ടർർർ' ആ വിഷയത്തിലേക്കുള്ള ഒരു ഒളിഞ്ഞു നോട്ടമാണ്. സംഭവം കാര്യമായി സിനിമയിൽ ചർച്ച ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാൽ, "ഇത് ബോളിവുഡ് ആണ് മാഷെ...ഇവിടെ ഇത്രയൊക്കെ കിട്ടുന്നത് തന്നെ ഭാഗ്യം!" എന്നേ പറയാനുള്ളൂ. ഒരു സണ്ണി ലിയോണ്‍ ലെവലിൽ ഉള്ള സിനിമ പ്രതീക്ഷിച്ചു ആരും പോകണമെന്നില്ല, അത്യാവശ്യം കഥയുള്ള , മോശമല്ലാത്ത ഒരു സിനിമയാണ് 'ഹണ്ടർർർ'.
കുട്ടികാലം മുതൽ ഈ കഥയിലെ നായകൻ അമിതമായ ലൈംഗിക ആസക്തിയുള്ള വ്യക്തിയാണ്. നായകൻറെ ആ ഒരു സ്വഭാവം പ്രേക്ഷകനിലേക്ക് എത്തിക്കാൻ അനാവശ്യമായ യാതൊരു അശ്ലീല രംഗങ്ങളും സംവിധായകൻ കുത്തി നിറച്ചിട്ടില്ല. കപട പ്രേമവും, ചതിയും , പരിഭ്രമങ്ങളും പിന്നെ പ്രണയവും എല്ലാം നന്നായി തന്നെ ചെയ്തിട്ടുണ്ട്. സൈഡ് ട്രാക്കായി നല്ലൊരു സൗഹൃദവും കാട്ടി തരുന്നുണ്ട്. 'ഗ്രാൻഡ് മസ്തി' എന്ന സിനിമയിൽ കേട്ടത് പോലുള്ള തറ തമാശകൾ ഇതിലില്ല. എന്നാൽ,എരിവും പുളിയുമുള്ള തമാശകൾ ധാരാളമുണ്ട് താനും. പാട്ടുകൾ ആവശ്യത്തിനു മാത്രം ചേർത്തിരിക്കുന്നു. ആദ്യ പകുതിയിൽ സൂപ്പർ സ്പീഡിൽ പോയ സിനിമ രണ്ടാം പകുതിയിൽ അല്പം ഇഴഞ്ഞാണ് പോകുന്നത്. നായകൻ നല്ല നടപ്പ്കാരൻ ആയി മാറുന്നത് അല്പം കൂടി കണ്‍വിൻസിങ്ങ് ആയി കാണിക്കാമായിരുന്നു എന്നാണു എന്റെയൊരു ഇത്.
'ഹേറ്റ് സ്റ്റോറി', 'റാം ലീല' തുടങ്ങിയ സിനിമകളിൽ നല്ല പ്രകടനം കാഴ്ച വെച്ച ഗുൽഷൻ ദേവൈയ്യ ഈ സിനിമയിലും അതി ഗംഭീരമായ പ്രകടനം ആയിരുന്നു. മുഖത്തെ മാനരിസങ്ങളിലൂടെ അദ്ദേഹം കഥാപാത്രത്തിന്റെ shades നന്നായി തന്നെ ആവിഷ്കരിച്ചു. രാധിക ആപ്തെയും നല്ല നിലവാരം പുലർത്തി. അനാവശ്യ തമാശകളും, അനാവശ്യ രംഗങ്ങളും ഒഴിവാക്കിയ സംവിധായകനും തിരക്കധാകൃത്തിനും നന്ദി.
റിയലിസ്റ്റിക് (അത്യാവശ്യം) ആയി ഇങ്ങനെയൊരു തീം അടിസ്ഥാനമാക്കി കഥ പറഞ്ഞ സംവിധായകന് അഭിനന്ദനങ്ങൾ. ഫാമിലി ആയിട്ട് എന്തായാലും ഈ സിനിമക്ക് പോകരുത്. സുഹൃത്തുക്കൾക്കൊപ്പം ആസ്വദിച്ചു കാണാവുന്ന ഒരു ഫീൽ ഗുഡ് എന്റർറ്റൈനർ. പക്ഷെ, സിനിമ ചർച്ച ചെയ്യുന്ന വിഷയങ്ങളും കാണാതെ പോകരുത്.
വാൽ: സ്ത്രീ വിരുദ്ധതയാണോ എന്നറിയില്ല. ഈ സിനിമയിലും പെണ്ണ് ഒരു 'ഐറ്റം' ആയി ആണ് ചിത്രീകരിക്കപ്പെടുന്നത്. വിഷയം ആവശ്യപ്പെട്ടത് കൊണ്ടാകാം, എന്നാലും.....
No comments:
Post a Comment