ഒരു നല്ല കുടുംബ ചിത്രം എന്ന അഭിപ്രായം കേട്ടാണ് ടിക്കറ്റ് എടുത്തത്. അക്കാര്യത്തിൽ സത്യൻ അന്തിക്കാട് ചതിക്കില്ല എന്നൊരു വിശ്വാസവും കൂടെയുണ്ടായിരുന്നു. മോശം പറയരുതല്ലോ, ഒരു ഫാമിലി മൂവി എന്ന നിലയിൽ 'എന്നും എപ്പോഴും' നിരാശപ്പെടുത്തിയില്ല. പക്ഷെ, പറയാൻ തക്കവണ്ണം ഒരു സോളിഡ് കഥയോ , കട്ട് പറയാൻ മറന്നു പോയി എന്ന് സംവിധായകൻ പറഞ്ഞ പോലത്തെ അഭിനയ മുഹൂർത്തങ്ങളോ ഒന്നും തന്നെ ഈ സിനിമയിലില്ല. അത്യാവശ്യം ബോറടിക്കാതെ കണ്ടിരിക്കാവുന്ന, ഒരു സ്ഥിരം സത്യൻ അന്തിക്കാട് സിനിമ.
ഒരു വനിതാ മാസികയിലെ സീനിയർ ലേഖകൻ. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു അഭിഭാഷക. ഇവരുടെ ജീവിതങ്ങളാണ് ഈ സിനിമ. അഭിഭാഷകയുടെ ഇന്റർവ്യൂ കിട്ടാൻ പിറകെ നടക്കുന്ന ലേഖകൻ, അവസാനം അഭിഭാഷകയുടെ ജീവിതത്തിൽ ഒരു നല്ല 'ട്വിസ്റ്റ്' കൊണ്ട് വരാൻ സഹായിക്കുന്നു. അതാണ് കഥ. പാകത്തിന് തമാശകളും, പതിവിനു കുടുംബ പ്രശ്നങ്ങളും ചേർത്തിട്ടുണ്ട്. മോഹൻലാലിന്റെ നർമ മാനറിസങ്ങലെല്ലാം തന്നെ ചൂഷണം ചെയ്യാൻ ഒരു ശ്രമം നടത്തിയിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ ചുമ്മാ കണ്ടിരിക്കാവുന്ന സിനിമ ആണെങ്കിലും, ഒന്ന് കൂടി ആലോചിച്ചാൽ കാര്യമായിട്ടൊന്നും ഈ സിനിമയിലില്ല.
മോഹൻലാൽ തകർത്തു...പഴയ ലാലേട്ടൻ തിരിച്ചു വന്നു എന്നൊക്കെ ആർപ്പുവിളികൾ പല അഭിപ്രായപ്രകടനങ്ങളിലും കണ്ടു. പക്ഷെ, ഇത് അദ്ദേഹത്തിന് വെറും നിസ്സാരമായ ഒരു വേഷപ്പകർച്ച ആയിട്ടാണ് എനിക്ക് തോന്നിയത്. ഒരു തരത്തിൽ നോക്കിയാൽ, അദ്ധേഹത്തിന്റെ ഒരു ഒറ്റയാൾ പ്രകടനമാണ് ഈ സിനിമയിൽ. തികച്ചും ഒരു 'ഓവർ റേറ്റഡ്' തിരിച്ചു വരവാണ് മഞ്ജു വാരരിയരുടെത്. ഭയങ്കര നാടകീയത അനുഭവപ്പെട്ടു അവരുടെ അഭിനയത്തിൽ. പഴയ ആ ഒരു ഒഴുക്ക് നഷ്ടപ്പെട്ടത് പോലെ. ഗ്രിഗറി നന്നായെങ്കിലും മോഹൻലാലിനൊപ്പം റ്റൈമിങ്ങിൽ നന്നായി കഷ്ടപ്പെട്ടു. തിരക്കഥയിൽ താളമില്ലായിരുന്നു, പല രംഗങ്ങളും അനാവശ്യമായി നീട്ടിയത് പോലെ തോന്നി. പാട്ടുകൾ സത്യം പറഞ്ഞാ ബോറടിപ്പിച്ചു. നീൽ ഡി കുഞ്ഞയുടെ ക്യാമറ ആശ്വാസമായി.
സത്യൻ അന്തിക്കാട് സിനിമകൾ ഒരേ റൂട്ടിലോടുന്ന ബസ്സുകളാണ്. ആ ബസ്സുകളിൽ എന്നും എപ്പോഴും ആളുകൾ നിറഞ്ഞു കയറിയിട്ടുമുണ്ട്. 'എന്നും എപ്പോഴും' എന്ന സിനിമാ വണ്ടിയും നിറഞ്ഞോടുമായിരിക്കും. പക്ഷെ, ഇനിയെങ്കിലും റൂട്ട് മാറ്റി പിടിച്ചില്ലെങ്കിൽ, ഈ റൂട്ടിലോടുന്ന വണ്ടികൾ കാലിയായി ഓടേണ്ടി വരുമോ എന്ന് ഭയക്കേണ്ടിയിരിക്കുന്നു.
വാൽ: സത്യൻ സിനിമകളുടെ ആരാധകർ എന്നും എപ്പോഴും ഫാമിലി തന്നെ. പക്ഷെ, ഇനി വരുന്ന ഫാമിലികൾ എന്ന് പറയുന്നത് ഇപ്പോഴത്തെ യൂത്ത് വളരുന്നതാണ്. അവർക്കീ 'സത്യൻ ഫോർമുല' ഇഷ്ടപ്പെടണമെന്നില്ല. സൊ, സത്യൻ അന്തിക്കാട് സാർ , മാറി ചിന്തിക്കൂ...'പിൻഗാമി'ക്ക് ഇന്നും ആരാധകരുണ്ട്, ഓർക്കുക.
No comments:
Post a Comment