Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Monday, March 2, 2015

വണ്‍ പാർട്ട് വുമണ്‍

വണ്‍ പാർട്ട് വുമണ്‍

പെരുമാൾ മുരുഗൻ എന്ന തമിഴ് സാഹിത്യകാരന്റെ ' മാധോരുഭാഗൻ' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ്  'വണ്‍ പാർട്ട് വുമണ്‍'. സാഹിത്യലോകത്ത് ഒരുപാട് പുരസ്കാരങ്ങളും അഭിനന്ദനങ്ങളും വാരിക്കൂട്ടിയ കൃതിയാണിത്. അത് പോലെ തന്നെ, സംഖികൾ ഒരുപാട് കത്തിച്ചു കൂട്ടിയ കൃതിയുമാണിത്.  പക്ഷെ,ഒരു തീവ്ര മത സംഘടനക്കും ജനമനസ്സുകളെ കീഴടക്കിയ ഒരു സാഹിത്യസൃഷ്ടിയെ, ചരിത്രത്തിൽ നിന്നും മായ്ച്ചു കളയാൻ സാധിക്കില്ല എന്നതാണ് ഈ പുസ്തകത്തിന്റെ ഇപ്പോഴുമുള്ള പ്രചാരം.

ഇതൊരു കാലഘട്ടത്തിന്റെ കഥയാണ്‌. ഏകദേശം 80 വർഷം പിന്നോട്ട് നടക്കണം, ഈ പുസ്തകത്തിലെ കഥ കാണാൻ. ആ കാലത്തിന്റെ ആചാരങ്ങളും, അന്ധവിശ്വാസങ്ങളും (വിശ്വാസങ്ങളും?) , പിന്നെ ഒരു ഭാര്യയും ഭർത്താവും തമ്മിലുള്ള തീവ്രമായ സ്നേഹവും...ഇതെല്ലാമാണ് ഈ കഥയുടെ കൂട്ടുകൾ. കാളിയും പൊന്നയും, ഇവരുടെ കുടുംബജീവിതത്തിലൂടെയാണ് കഥ ഇതൾ വിരിയുന്നത്. തമ്മിൽ ഒരുപാട് സ്നേഹമുണ്ടെങ്കിലും, ഒരു കുഞ്ഞില്ലാത്തത്തിന്റെ വിഷമം ഇവരുടെ ജീവിതത്തിൽ എന്നും ഒരു കരടായി നിൽക്കുന്നു. ഒരു കുട്ടിയെ ഉണ്ടാക്കാൻ കഴിവില്ലാതത്തിന്റെ പേരിൽ സമൂഹത്തിന്റെ കയ്യിൽ നിന്നും പരിഹാസത്തിന്റെയും സഹതാപത്തിന്റെയും ഒരുപാട് മുള്ളുകൾ ഈ ദമ്പതികൾ ഏറ്റുവാങ്ങുന്നുണ്ട്. ഒരുപാട് വഴിപാടുകളും കർമങ്ങളും വഴി ദൈവങ്ങളെ സന്തോഷിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഓരോ തവണയും നിരാശയായിരുന്നു ഫലം. തിരുച്ചങ്ങോട്  എന്ന ഗ്രാമത്തിലെ അർദ്ധനാരീശ്വര ക്ഷേത്രത്തിലെ രഥ മഹോത്സവത്തിലെ പതിനാലാം രാത്രിയിലെ ആചാരമാണ് ഇവരുടെ ജീവിതത്തിലെ അവസാനത്തെ ആശ്രയം. പക്ഷെ, അതവരുടെ സ്നേഹത്തിന്റെയും ദാമ്പത്യത്തിന്റെയും കടുത്ത പരീക്ഷണം കൂടിയായിരുന്നു.


പരിഭാഷപ്പെടുത്തിയ പുസ്തകമാണെങ്കിലും, വായനയിൽ അതൊരു കല്ലുകടിയായി ഒരിക്കലും തോന്നിയില്ല. കാളി-പൊന്ന ദമ്പതികളുടെ സ്നേഹവും, വിഷമങ്ങളും എല്ലാം ഭംഗിയായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒട്ടും ഭീകരമല്ലാത്ത ഭാഷയിൽ തന്നെ വിവരിച്ചിരിക്കുന്നു. ജീവിതത്തെ ഒരു പ്രതീക്ഷയായി കാണുന്നവരും, ജീവിതത്തെ കളിയായി കാണുന്നവരും, മറ്റുള്ളവരുടെ ജീവിതത്തെ നോക്കി കാണുന്നവരും...അങ്ങനെ ഒരുപാട് കഥാപാത്രങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ പുസ്തകം.ഒരുപാട് നാളത്തെ റിസർച് ഈ പുസ്തകത്തിന്റെ പിന്നിലുണ്ടെന്ന് വ്യക്തം.

ഹിന്ദു സ്ത്രീകളെ മോശമായി ചിത്രീകരിച്ചു എന്നും പറഞ്ഞു കൊണ്ട് ഈ പുസ്തകത്തിന്റെ ആയിരക്കണക്കിന് കോപ്പികൾ കത്തിച്ചു കളഞ്ഞ മത സംഘടനകൾ ഒരു 80 വർഷം പിന്നിലേക്ക് പോയൊന്നു നോക്കണം. അല്ല, പറഞ്ഞിട്ട് കാര്യമില്ല, വിവരമില്ലായ്മ ഒരു കുറ്റമല്ലല്ലോ. വിദ്യാഭ്യാസമില്ലാത്ത, വൈദ്യുതി ഇല്ലാത്ത, (അന്ധ)വിശ്വാസങ്ങൾ അരങ്ങുവാണിരുന്ന കാലഘട്ടത്തിലാണ് ഈ  കഥ നടക്കുന്നത്, അതു കൊണ്ട് തന്നെ ഒരു സാഹിത്യസൃഷ്ടി കത്തിക്കുന്നതിന് മുൻപ് അൽപം  ആലോചിക്കുന്നത് നന്ന്.

എന്ത് കൊണ്ടും വളരെ നല്ലൊരു വായനാനുഭവം തന്നെയാണ് 'വണ്‍ പാർട്ട് വുമണ്‍'. കഴിവതും വായിക്കാൻ ശ്രമിക്കുക. പിന്നെ, മതവ്രണത്തിന്റെ അസുഖമുള്ളവർ വായിക്കണമെന്നില്ല.

വാൽ: ഈ കഥ സിനിമ ആയിട്ടുണ്ടോ എന്നറിയില്ല. പക്ഷെ, ഒരു സിനിമയായി കാണാൻ ആഗ്രഹമുള്ള ഒരു കഥയാണിത്.

No comments:

Post a Comment