Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Sunday, June 22, 2014

Randaamoozham

രണ്ടാമൂഴം 

മലയാള സാഹിത്യത്തിലെ ഒരു ക്ലാസിക്ക്...എം.ടി. എന്ന മഹാനായ എഴുത്തുകാരന്റെ മാസ്മരിക സൃഷ്ടി..."മഹാഭാരതം" എന്ന ഇതിഹാസ കാവ്യത്തിന്റെ വ്യത്യസ്തമായ വീക്ഷണം...ഇതൊക്കെയും ഇതിനുമപ്പുറവും ആണ് "രണ്ടാമൂഴം". ഈ പുസ്തകത്തെ കീറി മുറിച്ചു വിശകലനം ചെയ്യാനോ, എം.ടി.യുടെ എഴുത്തിനെക്കുറിച്ച് ആധികാരികമായി പറയാനോ ഞാൻ ആളല്ല. എന്റെ ചെറിയ ബുദ്ധിയിൽ എനിക്ക് തോന്നിയ ചില കാര്യങ്ങൾ കുറിക്കുന്നു.

ഒരു നെഗറ്റീവ് നോട്ടിൽ കഥ തുടങ്ങുന്നു ("കടലിനു കറുത്ത നിറമായിരുന്നു ..."). അത് തന്നെ എന്നെ സംബന്ധിച്ച് ഒരു പുതുമയായിരുന്നു. ഒരു സാമൂഹ്യ അവസ്ഥയെയും പാണ്ഡവരുടെ (പ്രത്യേകിച്ച് ഭീമന്റെ) മാനസികാവസ്ഥയെയും ബിംബവല്കരിച്ച ആദ്യ വാചകം. ഓരോ താളുകളും എന്നിൽ ഇനിയും തുടർന്ന് വായിക്കാനുള്ള ആവേശം നിറച്ചു കൊണ്ടിരുന്നു.കേട്ട് പഴകിയ, ദൈവ-വൽകരിച്ച മഹാകാവ്യത്തിൽ നിന്നും വളരെ വ്യത്യസ്തമായി പഴയൊരു കുടുംബ കഥ വായിക്കുന്ന, എന്നാൽ ഭാഷയുടെയോ കഥാപാത്രങ്ങളുടെയോ ഗാംഭീര്യം ചോരാതെ , മനോഹരമായ ഒരു വായനാനുഭവം സമ്മാനിക്കുന്നു ഈ ഗ്രന്ഥം.

ഭീമൻ. തടിച്ച , വലിയ വയറുള്ള , ദ്വന്ദ യുദ്ധ പ്രതിഭയായ , ഭക്ഷണ പ്രിയനായ ഭീമൻ. ഇതാണല്ലോ പുരാണങ്ങളും മറ്റും നമ്മിൽ നിറച്ചിട്ടുള്ള ഭീമൻ. രണ്ടാമൂഴം ഭീമന്റെ കഥയാണ്‌ . നാം കേട്ടിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത ഭീമന്റെ കഥ. എന്നും എവിടെയും രണ്ടാമനാവാൻ വിധിക്കപ്പെട്ട വൃകൊദരന്റെ കഥ. ചെറുപ്പത്തിലേ ഒരിക്കലും ഒന്നാമന്‍ ആകരുത് ആ സ്ഥാനം ജ്യേഷ്ടന് മാറ്റി വച്ചിട്ടുള്ളതാണ്‌ എന്ന അറിവോടെ തന്നെ വളരുന്നു ഭീമന്‍. സ്വയം എടുത്തണിഞ്ഞ മന്ദന്‍ പരിവേഷം. കഴിവുണ്ടെങ്കിലും, മറ്റുള്ളവരേക്കാള്‍ ഏറെ ഉണ്ടെങ്കില്‍ തന്നെയും , തേരോട്ടത്തിലോ അസ്ത്രവിദ്യയിലോ ഒന്നും ശോഭിക്കാന്‍ ഇടം കൊടുക്കാത്ത, അതില്‍ പരിശീലിപ്പിക്കാത്ത ഗുരു. തടിയന്‍ മന്ദന്‍ ഗദ പഠിച്ചാല്‍ മതി എന്നും പറഞ്ഞു നിയന്ത്രിക്കുന്ന ഗുരുക്കൾ. ഇതിലെ ഭീമൻ ദൈവീക പരിവേഷമുള്ള ഭീമനല്ല ..മനുഷ്യനാണ്. കാമ-മോഹ-ക്രോധ വിചാരങ്ങളുള്ള മനുഷ്യൻ. അന്ത്യത്തിൽ പരമപദത്തിൽ രണ്ടാം പീഠം തനിക്ക് അർഹതപെട്ടതല്ല എന്ന് മനസ്സിലാക്കി ഒഴിഞ്ഞു പോകുന്ന ഭീമൻ.

മഹാഭാരതത്തിൽ നാം വായിച്ചിട്ടില്ലാത്ത(അല്ലെങ്കിൽ, നമ്മൾ കാണാതെ പോയ) പല മുഹൂർത്തങ്ങളും എം.ടി. ഇതിൽ മനോഹരമായി ഉൾകൊള്ളിച്ചിരിക്കുന്നു . ഈ പുസ്തകത്തെ കുറിച്ച് എഴുതാൻ ഒരുപാടുണ്ട്. യുധിഷ്ഠിരന്റെ ഭീരുത്വം,ബഹുഭാര്യത്വതിനെതിരെ ഉള്ള പ്രതികരണങ്ങൾ , അർജുനന്റെ മറ്റൊരു മുഖം , കുന്തി എന്നാ ശക്ത ആയ സ്ത്രീ, കൃഷ്ണൻ എന്ന 'മനുഷ്യൻ' ..അങ്ങനെ അങ്ങനെ...

ഒരു കാര്യം വ്യക്തം ...കുരുക്ഷേത്ര യുദ്ധത്തിനു കാരണം സ്ത്രീകൾ തന്നെ ആയിരുന്നു...കുന്തി , ദ്രൗപദി ...ഇവരുടെ ഇടപെടലുകൾക്ക് ആഴം ഏറെയായിരുന്നു. നമ്മൾ വാഴ്ത്തിയ വീരന്മാര്ക്ക് അവകാശപ്പെട്ടതല്ല "മഹാഭാരതം"...അത് ഭീമന്റെയാണ് ...ഭീമന്റെ ഭാരതം!

No comments:

Post a Comment