നമ്മുടെ നാളെ എന്താണ്? പ്രകൃതി ദുരന്തങ്ങളോ മാരക രോഗങ്ങളോ അല്ല, മറിച്ചു മനുഷ്യൻ തമ്മിൽ കൊല്ലുന്ന ഭാവിയിലേക്കാണോ നാം നീങ്ങുന്നത്? ഈ ഭൂമിയുടെ അവസാന നല്ല നാളുകളാണോ ഇപ്പോൾ നാം അനുഭവിക്കുന്നത്? ലോകത്തു പലയിടത്തും തീവ്രവാദ അക്രമങ്ങൾ, മതത്തിന്റെ പേരിലുള്ള കൂട്ടക്കുരുതികൾ, ഭരണകൂട ഭീകരതകൾ..അങ്ങനെ പലതും ഇപ്പോൾ തന്നെ സംഭവിച്ചു കൊണ്ടിരിക്കുന്നു. അപ്പോൾ, വെളിച്ചത്തേക്കാൾ ഇരുട്ട് കൂടുതലുള്ള ഒരു നാളെയാവാം നമ്മെ കാത്തിരിക്കുന്നത്. അങ്ങനെ ഒരു അവസ്ഥയെ മനോഹരമായി, ഹൃദയത്തിൽ ആഴത്തിൽ പതിക്കും വിധം അവതരിപ്പിച്ചിരിക്കുന്ന സിനിമയാണ് 'CHILDREN OF MEN'.
ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ, 18 വയസ്സുള്ള ഒരു പയ്യൻ കൊല്ലപ്പെടുന്നു. ലോകം മുഴുവൻ ആ കുട്ടിയുടെ മരണത്തിൽ കേഴുന്നു. കാരണം, കഴിഞ്ഞ 18 വർഷമായി ഭൂമിയിൽ കുട്ടികൾ ഉണ്ടാവുന്നില്ല. ഒരു സ്ത്രീക്കും ഗർഭിണിയാവാനോ അഥവാ ആയാൽ, ജീവനുള്ള ഒരു കുഞ്ഞിനെ നൽകാൻ കഴിയുന്നില്ല. അതിന്റെ കൂടെ, ലോകം മുഴുവൻ തീവ്രവാദവും കലാപങ്ങളും കൊണ്ട് നശിക്കുന്നു. ആകെയുള്ള, താരതമ്യേന law & order ഉള്ള രാഷ്ട്രമായി ബ്രിട്ടൻ നിലകൊള്ളുന്നു. പക്ഷെ, അവിടെയും സ്വദേശവാദവും, മറ്റു രാജ്യക്കാരെ ബ്രിട്ടനിൽ നിന്നും ഒഴിപ്പിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുന്നു. അങ്ങനെ ഒരവസരത്തിൽ ഒരു അഭയാർത്ഥി പെൺകുട്ടി ഗർഭിണിയാകുന്നു. ജനിക്കാൻ പോകുന്ന കുട്ടിയും ആ അമ്മയും ഈ മാനവരാശിക്ക് തന്നെ പ്രതീക്ഷയാകുന്നു. കഥാനായകൻ ആ പെൺകുട്ടിയെ സംരക്ഷിക്കുകയും, ഹ്യൂമൻ പ്രൊജക്റ്റ് നടക്കുന്ന സ്ഥലത്തേക്ക് എത്തിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് സിനിമ.
സിനിമ ചർച്ച ചെയ്യുന്ന വിഷയം അതീവ പ്രാധാന്യമുള്ളതാണ്. പത്തു കൊല്ലം മുൻപെടുത്ത സിനിമയാണെങ്കിലും അതിൽ പ്രതിപാദിക്കുന്ന പല കാര്യങ്ങളും നമ്മുടെ ചുറ്റും നാം കണ്ടു, കാണുന്നു, ഇനിയും കാണും. ഒരു പ്രത്യേക പക്ഷം ചേരാതെ, വ്യക്തമായി ഒരു രാഷ്ട്രീയം സംവിധായകൻ പറയുന്നുണ്ട്. എല്ലാ മത സിംബോളിസങ്ങളും പല സീനുകളിൽ അദ്ദേഹം നന്നായി തന്നെ തുന്നിച്ചേർത്തിട്ടുമുണ്ട്. ഇതൊരു warning സിനിമ ആയി കണക്കാക്കാം. പിന്നെ, ചിത്രത്തിന്റെ ആർട്ട് വർക്ക്, ഗംഭീരം! സെറ്റുകൾ എല്ലാം തന്നെ വളരെ ഒറിജിനാലിറ്റി തോന്നിപ്പിക്കുന്നവയായിരുന്നു. ക്യാമറയും മനോഹരം . ഒരു തരത്തിലുള്ള ഹീറോയിസം ഇല്ലാതെ, വളരെ നാച്ചുറൽ ആയ വാർ സീനുകൾ, നായകൻറെ നിസ്സഹായത കാണിക്കുന്ന ഒരുപാട് സീനുകൾ....അങ്ങനെ ഏച്ചുകെട്ടൽ ഒട്ടും അനുഭവപ്പെടുന്നില്ല.ഒരുപാട് സിംഗിൾ ഷോട്ടുകൾ ഈ സിനിമയിൽ കാണാൻ കഴിയും.
'Gravity' സംവിധാനം ചെയ്ത Alfonso Cuarón ആണ് സിനിമയും ചെയ്തിരിക്കുന്നത്. പ്രധാന കഥാപാത്രമായി Clive Owen ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഗംഭീര വർക്കാണ്, കാണാത്തവർ കാണണം!




























